സുഖ്‍വിന്ദർ സിംഗ് സുഖുവിനെ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി ഔദ്യോഗികമായി കോൺഗ്രസ് പ്രഖ്യാപിച്ചു. മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രി.
നാളെ 11 മണിക്കാണ് സത്യപ്രതിജ്ഞ. മുഖ്യമന്ത്രി സ്ഥാനത്തിനായി ആവശ്യമുന്നയിച്ച കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗിൻ്റെ സാന്നിധ്യത്തിലാണ് ഭൂപേഷ് ഭാഗലിൻ്റെ പ്രഖ്യാപനം.
ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണ സുഖ്‌വീന്ദറിനുണ്ടെന്ന് അറിയിച്ചിരുന്നു. കൂടാതെ ജയിച്ച ബിജെപി വിമതരുടെ പിന്തുണയും കോൺഗ്രസിനാണ്. ഇതോടെ കോൺഗ്രസിൻ്റെ അംഗസംഖ്യ 40ൽ നിന്നും 43 ആയി ഉയർന്നിരുന്നു. മുഴുവൻ എംഎൽഎമാരുടെയും പിന്തുണയുണ്ടായതിനാൽ സുഖ്‌വീന്ദറിനെ മുഖ്യമന്ത്രിയാക്കേണ്ട സാഹചര്യമാണുണ്ടായത്. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തെരഞ്ഞെടുക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.
കോൺഗ്രസിന് മിന്നും വിജയം നേടിക്കൊടുത്ത ജനങ്ങൾക്ക് നന്ദിയറിയിച്ച സുഖ്‍വിന്ദർ സംസ്ഥാനത്തിൻ്റെ വികസനത്തിനും ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുമെന്നും പ്രഖ്യാപിച്ചു.
അതേസമയം ഗുജറാത്തിൽ ഭൂപേന്ദ്ര പട്ടേൽ മുഖ്യമന്ത്രിയായി തുടരും. സത്യപ്രതിജ്ഞ തിങ്കളാഴ്ചയാണ്.