യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ തിരിച്ചടി നേരിട്ട് നടൻ സിദ്ദിഖ്. സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി.എസ്. ഡയസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് യുവനടിയെ ബലാത്സംഗത്തിനിരയാക്കിയെന്ന കേസിലാണ് നടപടി.
താൻ നിരപരാധിയാണെന്നാണ് സിദ്ദിഖ് ഹൈക്കോടതിയിൽ വാദിച്ചത്. എന്നാൽ കേസിൻ്റെ മുന്നോട്ടുള്ള പോക്കിന് സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. ഇത് അംഗീകരിച്ചാണ് മുൻകൂർ ജാമ്യോപക്ഷ കോടതി നിരാകരിച്ചത്. ഇതോടെ കേസിൽ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.
376 വകുപ്പ് അനുസരിച്ച് ബലാൽസംഗത്തിന് 10 വർഷത്തിൽ കുറയാത്തത്തും ജീവപര്യന്തം വരെ നീണ്ടേക്കാവുന്നതുമായ തടവും പിഴയുമാണ് ശിക്ഷയായി ലഭിക്കുക. 506 അനുസരിച്ച് ഭീഷണിപ്പെടുത്തലിന് രണ്ട് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയ ശിക്ഷയോ ലഭിക്കും.
സിദ്ദിഖിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തി തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. 2016ൽ പീഡിപ്പിച്ചതായാണ് യുവനടി വെളിപ്പെടുത്തിയത്. ഭാരതീയ ന്യായ സംഹിതയിലെ 376, 506 വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്. ആരോപണം ഉയർന്നതിനെ തുടർന്ന് അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചിരുന്നു.