കൊളംബിയയിൽ ആമസോൺ വനമേഖലയിൽ വിമാനം തകർന്ന് കാണാതായ നാല് കുട്ടികളെ ജീവനോടെ കണ്ടെത്തിയ ദൌത്യ സംഘത്തിലെ സ്നിഫർ ഡോഗ് വിൽസണെ കാണാതായെന്ന് സേന. രക്ഷാപ്രവർത്തനത്തിൽ സജീവമായി ഉണ്ടായിരുന്ന വിൽസൺ എന്നു പേരുള്ള ആറുവയസ്സുള്ള ബെൽജിയൻ ഷെപ്പേർഡ് മാലിനോയിസിനെ കാണാതായെന്ന് ദൌത്യസംഘമാണ് വെളിപ്പെടുത്തിയത്. നായയുടെ വിവിധ ചിത്രങ്ങളും സംഘം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.
കൊടും വനത്തിൽ 40 ദിവസത്തെ തിരച്ചിലിനൊടുവിലാണ് കുട്ടികളെ കണ്ടെത്തിയതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. കാടിനുളളിൽ വിൽസണിൻ്റെ കാൽപ്പാടുകൾ പിന്തുടർന്നാണ് സംഘം കുട്ടികളുടെ അടുത്തെത്തിയത്. കുട്ടികളെ കണ്ടെത്തുമ്പോൾ വിൽസൺ ഒപ്പമുണ്ടായിരുന്നതായും പിന്നീട് കാട്ടിലെവിടെയെങ്കിലും ഒറ്റപ്പെട്ട് പോയിരിക്കാമെന്നുമാണ് നിഗമനം.
വിൽസണെ തിരികെ കിട്ടും എന്ന പ്രതീക്ഷയിലാണ് ലോകമെമ്പാടും ഉള്ള ആളുകൾ. ആമസോൺ തിരച്ചിലിൽ ഹീറോ ആയാണ് വിൽസൺ അറിയപ്പെടുന്നത്. ഹാഷ്ടാഗിൽ ട്വിറ്ററിൽ നിരവധിപ്പേരാണ് വിൽസണ്‍ വേണ്ടി പോസ്റ്റുകൾ പങ്ക് വച്ചിട്ടുളളത്. ‘ഒരിക്കലും ഞങ്ങളുടെ കൂട്ടുകാരനെ ഉപേക്ഷിക്കില്ല’ എന്നാണ് കൊളംബിയൻ സായുധ സേനയുടെ കമാൻഡർ മേജർ ജനറൽ ഹെൽഡർ ഫെർണാൻ ജിറാൾഡോ ബോണില്ലവ്യക്തമാക്കിയത്.
നായയ്ക്കായി കാട്ടിൽ തെരച്ചിൽ നടത്തുന്നുണ്ട്.
കഴിഞ്ഞ മാസം ഒന്നിനാണ് ആമസോണ്‍ കാട്ടില്‍ വിമാനം തകർന്നുവീണ് മൂന്ന് പേർ മരിക്കുകയും സഹോദരങ്ങളായ നാല് കുട്ടികൾ ഒറ്റപ്പെടുകയും ചെയ്തത്. 40 ദിവസത്തോളം കാട്ടിൽ അലഞ്ഞ കുട്ടികളെ കഴിഞ്ഞ ദിവസമാണ് രക്ഷാസംഘം കണ്ടെത്തുകയും പുറംലോകത്ത് എത്തിക്കുകയും ചെയ്തത്. ഇതോടെ 13 വയസുള്ള ലെസ്ലി, ഒമ്പത് വയസുള്ള സൊലെയ്നി, നാല് വയസുള്ള ടിയെന്‍, കാണാതാകുമ്പോള്‍ 11 മാസം മാത്രം പ്രായമുണ്ടായിരുന്ന ക്രിസ്റ്റിന് എന്നിവർ ലോകത്തിന് മുന്നിൽ അതിജീവനത്തിൻ്റെ കരുത്തുറ്റ മാതൃകയായി മാറുകയായിരുന്നു.