വിമാനത്താവളത്തിലെ തിരക്കിനിടയില്‍ മറ്റുളളവരെ ഒന്നു സഹായിക്കാമെന്ന് ആരെങ്കിലും കരുതിയാല്‍ സൂക്ഷിച്ചുവേണമെന്ന് കസ്റ്റംസിന്‍റെ മുന്നറിയിപ്പ്. മറ്റുളളവരുടെ ബാഗേജുകൾ കൈവശം വയ്ക്കുന്നവര്‍ നിയമപരമായ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ബാഗിനുളളില്‍ നിരോധിത വസ്തുക്കളുണ്ടെങ്കില്‍ യാത്രകൾ തടസ്സപ്പെടാമെന്നും നിയമനടപടി നേരിടേണ്ടിവരുമെന്നും യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
യാത്ര പുറപ്പെടുന്ന വിമാനത്താവളങ്ങളിലും എത്തിച്ചേരുന്ന ഇടങ്ങളിലും ജാഗ്രത പുലര്‍ത്തണം. പലപ്പോഴും ബാഗേജുകൾ സൂക്ഷിക്കാമെന്ന് ഏല്‍ക്കുന്നവര്‍ക്ക് ബാഗിനുളളില്‍ എന്തെല്ലാം ഉണ്ടെന്നതിനെപ്പറ്റി ധാരണകാണില്ലെന്നും കസ്റ്റംസ് സൂചിപ്പിച്ചു. പരിശോധനകളില്‍ യഥാര്‍ത്ഥ ഉടമസ്ഥര്‍ കയ്യൊഴിയുന്ന സംഭവങ്ങൾ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും കസ്റ്റംസ് അറിയിച്ചു.
നിരപരാധികളെ ഉപയോഗിച്ച് നിരോധിത വസ്തുക്കളും മറ്റും കടത്താനുളള ശ്രമങ്ങളും അസംഭവ്യമല്ല. വ്യക്തമായ ധാരണകളൾ ഇല്ലാതെ സഹായത്തിനായി ഇറങ്ങിപ്പുറപ്പെടരുതെന്നും കുടുങ്ങുമെന്ന് ഉറപ്പാകുന്നതോടെ ബാഗേജുകൾ മറ്റുളളവരെ ഏല്‍പ്പിച്ച മുങ്ങുന്നവരുടെ എണ്ണം കൂടുന്നുണ്ടെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.