ഇരുചക്ര വാഹനങ്ങളിൽ നാല് വയസ്സിന് മുകളിലുള്ളവർക്ക് ഹെൽമെറ്റ് നിർബന്ധമാണെന്ന് സംസ്ഥാന മോട്ടോർ വാഹന വകുപ്പ്. ഇക്കാര്യം കേന്ദ്രമോട്ടോർ വാഹനനിയമം സെക്ഷൻ 129ൽ വ്യക്തത വരുത്തിയിട്ടുണ്ടെന്നും സംസ്ഥാന മോട്ടോൾ വാഹന വകുപ്പ് പുറത്തിറിക്കിയ കുറിപ്പിൽ വ്യക്തമാക്കി.
നാലു വയസ്സിന് താഴെയുള്ളവർക്ക് പ്രത്യേക അധികസുരക്ഷാ സംവിധാനങ്ങളായ സേഫ്റ്റി ഹാർനസും ക്രാഷ് ഹെൽമെറ്റും അത്യാവശ്യഘട്ടങ്ങളിൽ ഇരുചക്ര വാഹനങ്ങളിൽ കൊണ്ടുപോകാമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
മേട്ടോർ വാഹന നിയമങ്ങളിലും ചട്ടങ്ങളിലും വരുത്തിയ ഭേദഗതി സംബന്ധിച്ച വിശദമാക്കുകയായിരുന്നു വകുപ്പ്. നാല് വയസ്സിനു മുകളിലുളള കുട്ടികളേയും പൂർണ്ണയാത്രികൻ എന്ന നിലയ്ക്കാണ് പരിഗണിക്കുന്നത്. മറ്റ് വാഹനങ്ങളേക്കാൾ ഇരുചക്രയാത്രയ്ക്ക് അപകട സാധ്യത കൂടുതലാണെന്നതും കണക്കിലെടുത്താണ് കുട്ടികളുടെ സുരക്ഷ കർശനമാക്കിയത്.
നേരത്തേ തന്നെ ഇരുചക്ര വാഹനങ്ങളിലെ സഹയാത്രികനും ഹെൽമെറ്റ് നിർബന്ധമാക്കിയിരുന്നു. കുട്ടികൾ കൂടെ സഞ്ചരിക്കുമ്പോൾ നിമയം ബാധകമാകുന്നത് സംബന്ധിച്ച സംശയങ്ങൾ നിലനിൽക്കേയാണ് മോട്ടോർ വാഹന വകുപ്പ് വിശദീകരണവുമായി രംഗത്തെത്തിയത്.