പച്ചപ്പണിഞ്ഞ് പ്രകൃതി അതിമനോഹരിയായി നിൽക്കുന്ന കാഴ്ച കൺകുളിർക്കെ കാണാൻ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഹരിതാഭയുടെയും പച്ചപ്പിന്റെയും കാര്യത്തിൽ സമ്പുഷ്ടമാണ്. അന്യനാട്ടിൽ ജീവിക്കുന്നവരെയും കേരളത്തിലേയ്ക്ക് വലിച്ചടുപ്പിക്കുന്ന കാര്യങ്ങളിൽ ഒന്ന് ഇതുതന്നെയാണ്. എന്നാൽ പ്രകൃതിഭംഗിയുടെ കാര്യത്തിൽ യുഎഇയിലും ഒരു കൊച്ചു കേരളമുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ.
യുഎഇ എന്ന് പറയുമ്പോൾ എല്ലാവരുടെയും മനസിലേയ്ക്ക് ഓടിയെത്തുന്നത് കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമിയും മാനംമുട്ടെ ഉയർന്ന് നിൽക്കുന്ന കെട്ടിടങ്ങളുമാണ്. എന്നാൽ അവയ്ക്കപ്പുറം പച്ചപ്പട്ടുടുത്ത് കുളർകാറ്റ് വീശുന്ന പ്രദേശങ്ങളും യുഎഇയിലുണ്ട്. മണൽ കൂനകളിലും പർവതങ്ങളിലുമെല്ലാം ചെടികൾ വളർന്നു നിൽക്കുന്ന കാഴ്ച. ഒറ്റനോട്ടത്തിൽ കേരളത്തെ ഓർമ്മിപ്പിക്കുന്നതാണ് കാഴ്ചകൾ. റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലേക്ക് പോകുന്ന വഴിയിലാണ് ഈ മരുപ്പച്ച നമുക്ക് ആസ്വദിക്കാൻ സാധിക്കുക.
നല്ലൊരു മഴ പെയ്തൊഴിഞ്ഞപ്പോൾ മണൽകൂനകളിലും കുന്നിൻചെരുവുകളിലുമെല്ലാം ഇളംനാമ്പുകൾ കിളിർത്തു പൊങ്ങിയിട്ടുണ്ട്. മുമ്പ് വരണ്ടുണങ്ങി നിന്നിരുന്ന പ്രദേശങ്ങളാണ് ഇവയെന്ന് മനസിലാക്കാൻ സാധിക്കാത്ത വിധത്തിലാണ് പുല്ലുകളും ചെടികളും വളർന്നുപൊങ്ങിയിരിക്കുന്നത്. ഇതോടെ ഒട്ടകങ്ങൾക്കും ആടുകൾക്കും സുലഫമായി തീറ്റയും ലഭിക്കുന്നുണ്ട്. ഇതുവഴി കടന്നുപോകുമ്പോൾ നല്ല തണുത്ത കാറ്റ് അനുഭവിക്കാൻ സാധിക്കുന്നതാണ് മറ്റൊരു പ്രത്യേകത.
വല്ലപ്പോഴും മാത്രം യുഎഇയിൽ ലഭ്യമാകുന്ന ഈ പച്ചപ്പ് ആസ്വദിക്കുന്നതിനായി നിരവധി പേരാണ് ഇവിടേയ്ക്ക് എത്തുന്നത്. ഇതുവഴി കടന്നുപോകുമ്പോൾ ഈ സ്ഥലം കണ്ട് വാഹനം നിർത്തി പ്രകൃതിയെ ആസ്വദിക്കുന്നവരുടെ എണ്ണവും നിസാരമല്ല. ഇവിടെയെത്തുന്നവർ സാമൂഹ്യമാധ്യമങ്ങളിൽ ഫോട്ടോകളും റീലുകളും പങ്കുവെയ്ക്കുന്നതിനാൽ സഞ്ചാരികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഈ പ്രദേശം കാണുമ്പോൾ കേരളത്തിൽ എത്തിയെന്ന പ്രതീതിയാണെന്നാണ് മലയാളികളുടെ വാക്കുകൾ. എന്തായാലും യുഎഇയിലെ പച്ചപ്പ് ആവോളം അസ്വദിക്കുകയാണ് എല്ലാവരും.