യുഎഇയിൽ ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത. മഴയ്ക്ക് പുറമെ ആലിപ്പഴ വർഷവും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചത്. ഏപ്രിൽ 17 വരെ രാജ്യത്ത് മഴ തുടരുമെന്നാണ് വിലയിരുത്തുന്നത്. ഈ കാലയളവിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
17 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 50 മുതൽ 150 മില്ലി വരെ മഴ പെയ്യുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ന് ഉച്ചയോടെ അബുദാബി സിറ്റിയിൽ മഴ പെയ്ത് തുടങ്ങും. തുടർന്ന് രാത്രിയോടെ ദുബായ്, അജ്മാൻ, ഷാർജ എന്നിവിടങ്ങളിൽ ശക്തമായ മഴ ആരംഭിക്കും. രാജ്യത്തിൻ്റെ വടക്ക് – കിഴക്കൻ പ്രദേശങ്ങളിലാണ് ഇന്ന് മഴയ്ക്ക് സാധ്യതയുള്ളത്. ഈ കാലയളവിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലേയ്ക്ക് പോകരുതെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാൽ വാഹന യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
ഈ ദിവസങ്ങളിൽ കാറ്റ് കൂടുതൽ ശക്തമാകുമെന്നും രാത്രി കാലങ്ങളിൽ മഴ 80 ശതമാനത്തോളം വർധിക്കുമെന്നും കടൽ പ്രക്ഷുബ്ധമാകുന്നതിന് സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. പർവതങ്ങളിൽ താപനില 16 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നേക്കാമെന്നും ആന്തരിക പ്രദേശങ്ങളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നാക്കാമെന്നും കണക്കാക്കപ്പെടുന്നുണ്ട്.