സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശക്‌തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് വിവിധ പ്രദേശങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഈ കാലയളവിൽ വാഹനയാത്രക്കാരും കാൽനടയാത്രക്കാരും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
റിയാദ്, മജ്‌മഅ, അൽ റസ്, ഖസീം, റാബിഗ്, ഉനൈസ, മദ്‌നബ്, സൽഫി, അൽ ഗാഥ്, ശഖ്റ, ഹഫർ ബാതിന്, ഹായിൽ എന്നിവിടങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ചില സ്കൂളുകളിൽ കുട്ടികൾക്ക് അവധി നൽകുന്നതിന് പകരം ഓൺലൈൻ ക്ലാസുകൾ നടത്താനാണ് തീരുമാനിച്ചിരക്കുന്നത്.
രാജ്യത്തിന്റെ പല പ്രദേശങ്ങളിലും അസ്ഥിരമായ കാലാവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ അതിശക്തമായ മഴയ്ക്കും കാറ്റിയും മിന്നലിനും സാധ്യതയുള്ളതായാണ് വിലയിരുത്തപ്പെടുന്നത്. തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തി, ഹൈൽ, മദീന, അൽ ഖസിം, തലസ്ഥാനമായ റിയാദ് ഉൾപ്പെടെയുള്ള മേഖലകളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് കരുതുന്നത്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും താഴ്ന്നതും വെള്ളക്കെട്ട് രൂപപ്പെടുന്നതുമായി പ്രദേശങ്ങളിലേയ്ക്ക് പോകരുതെന്നും മുന്നറിയിപ്പുണ്ട്.