യുഎഇയിൽ വീണ്ടും മഴയെത്തുന്നു. ഇന്നും നാളെയും രാജ്യത്ത് കനത്തമഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ന് ഉച്ചയോടെ 45 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്ന് അധികൃതർ വ്യക്തമാക്കി.
തിങ്കളാഴ്‌ചയും അന്തരീക്ഷ താപനില കുറഞ്ഞുതന്നെ നിൽക്കുമെന്നാണ് നിഗമനം. കൂടാതെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടുമെന്നും കണക്കാക്കപ്പെടുന്നുണ്ട്. അസ്ഥിരമായ കാലാവസ്ഥയേത്തുടർന്ന് ചില സ്‌കൂളുകൾ കുറച്ച് ദിവസത്തേക്ക് ഓൺലൈൻ ക്ലാസുകൾ പ്രഖ്യാപിച്ചിട്ടുമുണ്ട്. കഴിഞ്ഞയാഴ്ച പെയ്ത മഴയിലും ആലിപ്പഴ വർഷത്തിലും രാജ്യത്ത് കനത്ത നാശനഷ്ടങ്ങൾ ഉണ്ടായതിനേത്തുടർന്ന് ഇപ്പോൾ ജനങ്ങളോട് ജാഗ്രതാ പാലിക്കണമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ഈ ദിവസങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിൽ നിലയുറപ്പിക്കണമെന്നും വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്നും നിർദേശത്തിലുണ്ട്. കൂടാതെ നീന്തുന്നതിനും കുളിക്കുന്നതിനുമായി ജലാശയങ്ങളിലേയ്ക്കും വെള്ളക്കെട്ടിലേക്കും പോകരുതെന്നും കർശന നിർദേശമുണ്ട്. അപകടങ്ങൾ ക്ഷണിച്ചുവരുത്താതിരിക്കാൻ നമുക്ക് ജാഗ്രത പാലിക്കാം.