ജിദ്ദയടക്കം സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയെന്ന് കാലാവസ്ഥാറിപ്പോർട്ട്. ജനങ്ങൾ വീടുകളിൽ തന്ന കഴിയണമെന്ന് അധികൃതർ അഭ്യർഥിച്ചു. ഞായറാഴ്ച രാത്രിയോടെ ജിദ്ദയിൽ തുടങ്ങിയ മഴ പലയിടത്തും തുടരുകയാണ്. വ്യാഴാഴ്ചയോടെ രാജ്യത്തു മഴ കൂടുതൽ ശക്തി പ്രാപിക്കുമെന്നു മുൻപുതന്നെ അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ജിദ്ദയിലും പരിസരപ്രദേശങ്ങളിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും മുൻകരുതൽ സ്വീകരിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
താഴ്‌വരകളിൽ നിന്നും വെള്ളക്കെട്ടുകളിൽ നിന്നും അകലം പാലിക്കാനും സിവിൽ ഡിഫൻസ് വിഭാഗം ജനങ്ങൾക്കു മുന്നറിയിപ്പ് നൽകി. കൂടാതെ എല്ലാ പൗരന്മാരോടും താമസക്കാരോടും അവരവരുടെ വീടുകളിൽ തന്നെ കഴിയണമെന്നും മഴ പെയ്യുന്ന സ്ഥലങ്ങളിൽ പുറത്തിറങ്ങരുതെന്നും മക്ക മേഖല ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻ്റ് സെൻ്റർ നിർദേശം നൽകി. ദൂരക്കാഴ്ച കുറയുന്നതിനും ഉയർന്ന കടൽ തിരമാലൾക്കും കാരണമാകുന്ന ശക്തമായ കാറ്റും ഉണ്ടാകും.
ജിദ്ദ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ യാത്രയ്ക്കു മുൻപു ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു. ഇന്നു മുതൽ മൂന്നു ദിവസത്തേക്കു വിമാനത്താവളത്തിലേക്കു പുറപ്പെടുന്നവർ വിമാനകമ്പനികളുമായി ബന്ധപ്പെട്ട് ഷെഡ്യൂളുകൾ ഉറപ്പ് വരുത്താൻ ജിദ്ദ വിമാനത്താവളം യാത്രക്കാരോട് ആവശ്യപ്പെട്ടു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് നടപടിയെന്ന് ജിദ്ദ വിമാനത്താവള അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.