യുഎഇയിൽ ഇന്നലെ ആലിപ്പഴ വർഷത്തോടുകൂടിയ ശക്തമായ മഴയായിരുന്നു പെയ്തത്. ഇന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്. ഷാർജ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ എന്നീ എമിറേറ്റുകളിൽ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.
കിഴക്കൻ, വടക്കൻ മേഖലകളിൽ ഇന്ന് രാത്രി 8 മണി വരെ മഴ തുടരുമെന്നാണ് വിലയിരുത്തൽ. മഴയ്‌ക്കൊപ്പം 45 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുകയും തിരശ്ചീന ദൃശ്യപരത 3000 മീറ്ററിൽ താഴെയായി കുറയുകയും ചെയ്യും. അതിനാൽ വാഹനയാത്രക്കാരും കാൽനട യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഇന്നലെ ഷാർജ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ എന്നീ എമിറേറ്റുകളിൽ ശക്തമായ മഴയായിരുന്നു പെയ്തത്. ഷാർജ അൽ ദൈദ് റോഡിൽ ആലിപ്പഴവും വീണു. അതോടൊപ്പം മലീഹയിലും ഇബ്‌നു റാഷിദ് റോഡിലും കനത്ത മഴ പെയ്തിരുന്നു.