മക്കയിൽ ഉണ്ടായ കനത്ത കാറ്റും മഴയും ജനജീവിതം ദുരിതത്തിലാക്കി. മക്ക ക്ലോക്ക് ടവറിന് മുകളിൽ ഭീമാകാരമായ മിന്നലേൽക്കുകയും ചെയ്തു. കൂടാതെ ശക്തമായി വീശിയടിച്ച കാറ്റിൽ തീർഥാടകരിൽ പലരും കാലിടറി വീഴുകയും പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. കാറ്റിൽ പറന്ന ശുചീകരണ സാമഗ്രികൾ പിടിച്ചുനിർത്താൻ തൊഴിലാളികൾ ഏറെ ബുദ്ധിമുട്ടുകയും ചെയ്തു. ബാരിക്കേഡുകൾ മറിഞ്ഞുവീണ് തീർഥാടകർക്കു പരുക്കേറ്റു.
അതേസമയം മക്കയിൽ സ്ഥാപിച്ചിട്ടുള്ള ഡിസ്പ്ലേ ബോർഡുകളും കാറ്റിൽ നിലംപതിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ ഉണ്ടായി വെള്ളക്കെട്ട് മോട്ടർ ഉപയോഗിച്ച് പമ്പ് ചെയ്ത് നീക്കുന്ന പ്രവർത്തനം പുരോഗമിക്കുകയാണ്. ജിദ്ദ ഉൾപ്പെടെ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ ഇന്നലെ സ്‌കൂളുകൾക്ക് അവധി നൽകിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ചൊവ്വാഴ്‌ച രാത്രിയും മക്കയിലും പരിസര പ്രദേശങ്ങളിലും മിന്നലോടുകൂടി കനത്ത മഴ പെയ്തിരുന്നു എന്നാണ് റിപ്പോർട്ട്. ചിലയിടങ്ങളിൽ ആലിപ്പഴ വീഴ്ചയും ഉണ്ടായിരുന്നു. മഴയും പൊടിക്കാറ്റും ശക്തമായതോടെ ദൂരക്കാഴ്ച കുറഞ്ഞത് ഗതാഗതത്തെയും സാരമായി ബാധിച്ചുവെന്നും അധികൃതർ വ്യക്തമാക്കി.