രാജ്യത്ത് ഇനിയുള്ള ദിവസങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടുകയും അന്തരീക്ഷത്തിലെ ഈർപ്പം വർധിക്കുകയും ചെയ്യും. ഇതിന് മുന്നോടിയായി ആരോഗ്യ മുൻകരുതൽ സ്വീകരിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശം നൽകി. അൽ ഹനാ നക്ഷത്രത്തിന് ഇന്നലെ തുടക്കമായതോടെയാണ് ഈ കാലാവസ്ഥാ മാറ്റമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
കഠിനമായ ചൂടും ഈർപ്പവുമാണ് ഈ കാലാവസ്ഥയുടെ പ്രത്യേകത. വരാനിരിക്കുന്ന 12 ദിവസങ്ങളിൽ അന്തരീക്ഷത്തിൽ പൊള്ളുന്ന ചൂടായിരിക്കും അനുഭവപ്പെടുക. പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ ഈർപ്പത്തിന്റെ അളവ് കൂടും. കൂടാതെ പെട്ടെന്നുള്ള ഈ കാലാവസ്ഥാ മാറ്റം നേരിയ മൂടൽമഞ്ഞിനും കാറ്റിന്റെ ശക്തി കുറയ്ക്കാനും ഇടയാക്കും. മാത്രമല്ല പുറം തൊഴിലാളികളുടെ വേനൽക്കാല ആരോഗ്യ സംരക്ഷണ നടപടികളുടെ ഭാഗമായി രാവിലെ 10 മണി മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ പുറം തൊഴിലുകൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ ബൈക്കുകളിലെ ഡെലിവറിയ്ക്കും ഈ സമയങ്ങളിൽ നിരോധനം ഏർപ്പെടുത്തി.
സൂര്യാഘാതം ചെറുക്കാനുള്ള വഴികൾ
. ചൂടും ഈർപ്പവും കൂടുമെന്നതിനാൽ സൂര്യാഘാതം പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളിൽ മുൻകരുതൽ പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിച്ചു. ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി) എമർജൻസി വകുപ്പ് മെഡിക്കൽ റസിഡന്റ് ഡോ.അയിഷ അലി അൽ സദയുടേതാണ് നിർദേശം.
∙ ശരീരത്തിലെ ഊഷ്മാവ് ഉയരുക, അമിത വിയർപ്പും ദാഹവും അനുഭകപ്പെടുക, ചർമത്തിൽ ചുവപ്പ് നിറം, ക്ഷീണം, ഛർദി, ഹൃദയമിടിപ്പ് കൂടുക, തലവേദന, ബോധക്ഷയം, ഗുരുതരമായ തളർച്ച എന്നിവയാണ് സൂര്യാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങൾ.
∙ സൂര്യാഘാതത്തെ ചെറുക്കാൻ ധാരാളം വെള്ളവും ജ്യൂസും കുടിക്കണം. ശരീരത്തിൽ എപ്പോഴും ജലാംശം നിലനിർത്തുകയാണ് ചൂടിനെ ചെറുത്ത് നിൽക്കാനുള്ള പ്രധാന മാർഗം. കൂടാതെ അയഞ്ഞതും ഇളം നിറത്തിലുള്ള സൗകര്യപ്രദമായ വസ്ത്രങ്ങളും ധരിക്കണം. ഉച്ചയ്ക്ക് 11 മുതൽ 3.00 വരെ നേരിട്ട് സൂര്യ രശ്മികൾ ഏൽക്കുന്നത് കൂടുതലും ഒഴിവാക്കുക. പ്രത്യേകിച്ചും കുട്ടികളും വയോധികരും വിട്ടുമാറാത്ത രോഗമുള്ളവരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഡോ.അയിഷ നിർദേശിച്ചു.
∙ ക്ഷീണം അനുഭവപ്പെട്ടാൽ ചെയ്യുന്ന ജോലി വേഗം നിർത്തണം. ശരീരതാപനില ഉയർന്നാൽ തണുത്ത വെള്ളത്തിൽ കുളിക്കുകയോ ഐസ് പാഡുകൾ ദേഹത്ത് വയ്ക്കുകയോ ചെയ്യണം. തണുത്ത വെള്ളം അല്ലെങ്കിൽ ഐസ് ഇട്ട വെള്ളം കുടിക്കാൻ കൊടുക്കണം. അടിയന്തര വൈദ്യസഹായം തേടുന്നതിന് 999 എന്ന നമ്പറിൽ ബന്ധപ്പെടാം.