കൊടും ചൂടിൽ നിന്ന് രക്ഷ നേടാൻ ഹജ്ജ് തീർഥാടകർക്ക് ആശ്വാസമായി മിനയിലെ ജലധാര സംവിധാനം. തീർത്ഥാടകരുടെ തമ്പുകൾക്കിടയിലും മറ്റ് ഭാഗങ്ങളിലുമായി സ്ഥാപിച്ച വാട്ടർ സ്പ്രേ പോയിന്റുകൾ അന്തരീക്ഷത്തെ തണുപ്പിക്കുകയും ചൂട് കുറയ്ക്കുന്നതിനും വലിയ പങ്ക് വഹിക്കുന്നു. കൂടാതെ തമ്പുകളിൽ നിന്ന് പുറത്തിറങ്ങുന്നവർക്കും കാൽനടക്കാർക്കും ഇത് വലിയ ആശ്വാസമാണ് നൽകുന്നത്.
അന്തരീക്ഷത്തിലേക്ക് ജലധൂളികൾ പരക്കുന്നതിനാൽ താപനില അഞ്ച് മുതൽ ഏഴ് ഡിഗ്രിവരെ കുറയും. അതേസമയം ഈ വർഷത്തെ ഹജ്ജ് സീസണിൽ പുണ്യസ്ഥലങ്ങളിലെ താപനില 42-45 ഡിഗ്രി സെൽഷ്യസ് വരെയാണ് എന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഇതിനെ തുടർന്ന് സൂര്യാഘാതം ഏൽക്കുന്നവർക്കുള്ള ചികിത്സ നൽകാൻ ആരോഗ്യ മന്ത്രാലയം 217 കിടക്കകൾ ഒരുക്കിയിട്ടുണ്ട്. ഇതിൽ 166 എണ്ണം മിനയിലും അറഫയിലുമായാണ് സജ്ജീകരിച്ചിട്ടുള്ളത്. മക്കയിലെ ആശുപത്രികളിൽ 51 കിടക്കകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ സൂര്യാഘാതം ഏൽക്കാതിരിക്കാൻ പാലിക്കേണ്ട നിർദേശങ്ങളെ കുറിച്ച് ആരോഗ്യ മന്ത്രാലയം തീർഥാടകരെ നിരന്തരം ഓർമിപ്പിക്കുന്നുമുണ്ട്.