സൗദിയിൽ ചൂട് കൂടാൻ സാധ്യത. വരും ദിവസങ്ങളില്‍ താപനില ഉയരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കന്‍ പ്രവിശ്യയില്‍ താപനില 48 ഡിഗ്രി മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. റിയാദ് പ്രവിശ്യയുടെ തെക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ കൂടിയ താപനില 46 മുതല്‍ 48 ഡിഗ്രി വരെയാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസയില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില 49 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ദമ്മാമില്‍ 48 ഡിഗ്രിയും രേഖപ്പെടുത്തി. കൂടാതെ വാദി ദവാസിറിലും ശറൂറയിലും 46 ഡിഗ്രി വീതവും ജിദ്ദയിലും അല്‍ഖൈസൂമയിലും 45 ഡിഗ്രി സെല്‍ഷ്യസ് വീതവുമായിരുന്നു കൂടിയ താപനില.
രാജ്യത്ത് താപനില ഉയരുന്ന സാഹചര്യത്തില്‍ ഉഷ്ണതരംഗങ്ങളെ സൂക്ഷിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ വീടിന് പുറത്തിറങ്ങുമ്പോള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും രാജ്യത്ത് ഈ ആഴ്ച അവസാനം വരെ ഉഷ്ണ തരംഗം നീണ്ടു നിന്നേക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.