സൗദിയിൽ ചൂട് കൂടുന്നു. താപനില 48 ഡിഗ്രി സെൽഷ്യസ് വരെയായി ഉയർന്നു. സൗദിയുടെ കിഴക്കൻ, മധ്യ, പടിഞ്ഞാറൻ മേഖലകളിലാണ് ചൂട് കൂടുതൽ രേഖപ്പെടുത്തിയത്. കിഴക്കൻ പ്രവിശ്യയിലെ അൽ സമാനിലാണ് ഏറ്റവും ഉയർന്ന താപനിലയായ 48 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. അൽഹസയിലും ദാനയിലും 47 ഡിഗ്രിയും ദമാം ഹഫർബാത്തിൻ, അൽഖർജ് ഭാഗങ്ങളിൽ 46 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തി.
മധ്യ പടിഞ്ഞാറൻ ഭാഗങ്ങളായ റിയാദിലും മക്കയിലും മദീനയിലും ചൂട് 45 ഡിഗ്രി വരെയായി ഉയർന്നു. ഇന്നലെ രാജ്യത്ത് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് അബഹയിലാണ്. 20 ഡിഗ്രി സെൽഷ്യസ് ആയിരുന്നു രേഖപ്പെടുത്തിയത്. ഖുറയ്യാത്ത്, അൽബാഹ, തുറൈഫ് ഭാഗങ്ങളിലും ചെറിയ രീതിയിൽ തണുപ്പ് അനുഭവപ്പെട്ടിരുന്നതായാണ് റിപ്പോർട്ട്. ഗൾഫ് മേഖലകളിൽ ദൈനംദിനം ചൂട് അതികഠിനമായി കൂടിക്കൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.