യുഎഇയിൽ ശക്തമായ മൂടൽമഞ്ഞാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതേത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. ദുബായിലും അബുദാബിയിലുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മൂടൽമഞ്ഞിനേത്തുടർന്ന് ദൃശ്യപരത കുറവായതിനാൽ വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കാനും വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കാനും അബുദാബി, ദുബായ് പൊലീസുകൾ ആവശ്യപ്പെട്ടു. അതോടൊപ്പം ഇലക്‌ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന മാറുന്ന വേഗപരിധി പാലിക്കാനും ഡ്രൈവർമാരോട് നിർദേശിച്ചു.
ഇന്ന് ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. അബുദാബിയിലും ദുബായിലും ഇന്ന് യഥാക്രമം 38 ഡിഗ്രി സെൽഷ്യസും 37 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരും. ഈർപ്പത്തിൻ്റെ അളവ് 90 ശതമാനത്തോളം ഉയരാനും സാധ്യതയുണ്ട്.