യുഎഇയിൽ ഇന്നലെ അനുഭവപ്പെട്ട മൂടൽമഞ്ഞ് ഇന്നും തുടരുകയാണ്. അടുത്ത ആഴ്ച വരെ മൂടൽമഞ്ഞ് തുടരുമെന്നും വാഹന യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂടൽ മഞ്ഞിന് പുറമെ യുഎഇയുടെ വടക്കുഭാഗങ്ങളിലും തീരപ്രദേശങ്ങളിലും മഴയ്ക്കും സാധ്യതയുള്ളതായാണ് വിലയിരുത്തൽ.
മൂടൽമഞ്ഞിൽ വാഹനം ഓടിക്കുമ്പോൾ മഞ്ഞുവീഴ്ചയുള്ള സമയങ്ങളിൽ വേഗത കുറച്ചും മുന്നിലുള്ള വാഹനങ്ങളുമായി മതിയായ അകലം പാലിച്ചും വാഹനം ഓടിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ലോ ബീം ലൈറ്റ് മാത്രമേ ഉപയോഗിക്കാവൂ എന്നും ഈ സമയങ്ങളിൽ ഓവർടേക്കിങോ ലെയ്ൻ മാറ്റമോ പാടില്ലെന്നും ദൂരക്കാഴ്ച്ച കുറഞ്ഞാൽ വാഹനം റോഡിൽ നിന്നും സുരക്ഷിത അകലത്തിൽ മാറ്റിനിർത്തിയ ശേഷം ഹസാഡ് ലൈറ്റ് ഇടണമെന്നും നിർദേശത്തിലുണ്ട്.
മഞ്ഞുള്ള സമയത്ത് ലോ ബീം ലൈറ്റിടാതെ വാഹനം ഓടിക്കുന്നവർക്ക് 500 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റും ശിക്ഷയായി ലഭിക്കുമെന്നും നിർദേശിച്ചു. ഈ സമയം ട്രക്ക് ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ റോഡിലിറങ്ങാൻ പാടില്ലെന്നും നിയമം പാലിക്കാത്ത ട്രക്ക്, തൊഴിലാളി ബസ് ഡ്രൈവർമാർക്ക് 1,000 ദിർഹം പിഴയും 4 ബ്ലാക്ക് പോയിൻ്റും ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി.