യുഎഇയിൽ ജൂലൈ പകുതിയോടെ വേനൽക്കാലം കൊടുമുടിയിലെത്തുമെന്നും താമസക്കാർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം. താപനില 50 ഡിഗ്രി സെൽഷ്യസ് മറികടന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. കഴിഞ്ഞ ആഴ്‌ച തന്നെ യുഎഇയിയുടെ തീര പ്രദേശങ്ങളിൽ മെർക്കുറി 50 ഡിഗ്രി സെൽഷ്യസ് ഉയർന്നിരുന്നു.
വരും ദിവസങ്ങളിൽ താപനില ഉയർന്നതോതിൽ അനുഭവപ്പെടുമെന്ന് ദുബായ് അസ്ട്രോണമി ഗ്രൂപ്പിൻ്റെ ഓപ്പറേഷൻസ് മാനേജർ ഖദീജ അഹ്മദ് പറഞ്ഞു. രാജ്യത്തെ സാധാരണ ചൂടുള്ള കാലാവസ്ഥയേക്കാൾ ഈ വർഷത്തെ ചൂട് തരംഗം വളരെ കഠിനമാണ് . ഈ പ്രത്യേക ചൂട് തരംഗം താപനിലയുടെയും ദൈർഘ്യത്തിൻ്റെയും അടിസ്ഥാനത്തിൽ പുതിയ റെക്കോർഡുകളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഖദീജ അഹ്മദ് സൂചിപ്പിച്ചു.
ഉഷ്ണകാലത്തിൻ്റെ ഏറ്റവും ഉയർന്ന തീവ്രത ജൂലൈ പകുതിയോടെ ആരംഭിക്കുകയും ഓഗസ്റ്റ് രണ്ടാം അല്ലെങ്കിൽ മൂന്നാം ആഴ്ച വരെ തുടരുകയും ചെയ്യുമെന്നാണ് നിഗമനം. കഠിനമായ ചൂടുള്ള സമയങ്ങളിൽ സുരക്ഷിതമായിരിക്കാൻ മുൻകരുതലുകൾ വേണമെന്ന് മെഡിക്കൽ വിദഗ്ദ്ധരും ഉപദേശിക്കുന്നു . ശരീരത്തിൽ ജലാംശം നിലനിർത്താനും ഉചിതമായ വസ്ത്രം ധരിക്കാനും നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കാനുമാണ് പ്രധാന നിർദ്ദേശം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc