കുതിച്ചുയരുന്ന താപനിലയെ നേരിടാൻ ലോകം തയ്യാറാകണമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. വടക്കൻ അർദ്ധഗോളത്തിലുടനീളമുള്ള രാജ്യങ്ങളിൽ ചൂട് അതി കഠിനമാകുമെന്നാണ് മുന്നറിയിപ്പ്. വടക്കേ അമേരിക്ക, യുറോപ്യൻ രാജ്യങ്ങൾ, ഏഷ്യൻ മേഖലകൾ എന്നിവടങ്ങളിലെ ജനങ്ങൾ സൂര്യതാപം ഏൽക്കാതെ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.
കൂടുതൽ തീവ്രമായ ഉഷ്ണതരംഗങ്ങൾക്കായി ലോകം തയ്യാറെടുക്കേണ്ടതുണ്ടെന്ന് യുഎൻ വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷനിലെ (ഡബ്ല്യുഎംഒ) സീനിയർ എക്‌സ്ട്രീം ഹീറ്റ് അഡ്വൈസറായ ജോൺ നായർ പറഞ്ഞു. ഏറ്റവും മാരകമായ പ്രകൃതിദത്ത അപകടങ്ങളിൽ ഒന്നാണ് താപ തരംഗങ്ങളെന്നും ഓരോ വർഷവും ലക്ഷക്കണക്കിന് ആളുകൾക്ക് താപതരംഗമേറഅറ് ജീവൻ നഷ്ടമാകുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
വളർന്നുവരുന്ന നഗരവൽക്കരണം, ഉയർന്ന താപനില വ്യതിയാനങ്ങൾ, പ്രായമാകുന്ന ജനസംഖ്യ എന്നിവയ്ക്കിടയിൽ ആരോഗ്യ അപകടസാധ്യത ഉയരുമെന്നാണ് മുന്നറിയപ്പ്. 1980 മുതൽ വടക്കൻ അർദ്ധഗോളത്തിൽ ഒരേസമയം താപ തരംഗങ്ങളുടെ എണ്ണം ആറിരട്ടിയായി വർദ്ധിച്ചതായാണ് റിപ്പോർട്ടുകൾ. മനുഷ്യൻ്റെ ആരോഗ്യത്തിനും ഉപജീവനത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന തരംഗങ്ങൾ വെല്ലുവിളി ഉയർത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും വേഗത്തിൽ ചൂടാകുന്ന ഭൂഖണ്ഡമായ യൂറോപ്പ്, ഇറ്റലിയിലെ സിസിലി, സാർഡിനിയ ദ്വീപുകളിൽ നിലവിലെ ഉഷ്ണതരംഗം റെക്കോർഡ് ചൂടിലേക്ക് നീങ്ങുകയാണ്. പകലും രാത്രിയും പ്രകടമാകുന്ന ഉഷ്ണ വ്യതിയാനം ഹൃദയാഘാതത്തിന് വഴിവയ്ക്കുമെന്നും ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.
കാർബൺ ഇന്ധനങ്ങളുടെ ഉപയോഗവും മറ്റും മനുഷ്യ പ്രേരിതമായ കാലാവസ്ഥാ വ്യതിയാനത്തിനും ഉഷ്ണതരംഗത്തിനും കാരണമാണ്. ലോകമെമ്പാടുമുള്ള ആഘാത പ്രവചനങ്ങളും മുന്നറിയിപ്പുകളും ഏകോപിപ്പിക്കുനതിൻ്റെ ഭാഗമായി ഹീറ്റ് വേവ് തീവ്രതയുടെ സമഗ്രമായ വർഗ്ഗീകരണം വികസിപ്പിക്കുന്ന പ്രക്രിയയിലാണെന്നും യുഎൻ വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ വ്യക്തമാക്കി.