ബഹ്റൈനിൽ പ്രവാസികൾക്കായി ഏർപ്പെടുത്തുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നു. ഈ വർഷം സെപ്തംബറോടെ പദ്ധതി ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കൂടാതെ പദ്ധതിയുടെ പ്രീമിയം സംബന്ധിച്ച് ഇൻഷുറൻസ് കമ്പനികളുമായുള്ള ചർച്ചകൾ തുടരുകയാണെന്നും സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് അറിയിച്ചു. ഹകീം എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതി 2024 അവസാനത്തോടെ പൂർണമായും പ്രാബല്യത്തിൽ വരുമെന്നും സുപ്രീം കൗൺസിൽ കൂട്ടിച്ചേർത്തു. ഹകീം പദ്ധതിയിൽ രണ്ട് പ്രോഗ്രാമുകളായിരിക്കും ഉണ്ടാവുക. ഒന്ന് നിർബന്ധിതവും മറ്റൊന്ന് ആവശ്യക്കാർക്ക് മാത്രം ചേരാവുന്നതുമാണ്.
പ്രവാസി തൊഴിലാളികൾക്കു വേണ്ടിയുള്ളതാണ് നിർബന്ധിത ഹെൽത്ത് ഇൻഷുറൻസ്. ഇതിനാവശ്യമായ തുക തൊഴിലുടമയോ സ്പോൺസറോ നൽകണം. പ്രാഥമികമായ ചികിത്സാ സൗകര്യങ്ങൾ നിശ്ചിത പ്രായപരിധിയിലുള്ള തൊഴിലാളികൾക്ക് ഇൻഷുറൻസ് വഴി ലഭിക്കും. അടിയന്തര ചികിത്സയും ലഭ്യമാകും. കൂടാതെ ആവശ്യമെങ്കിൽ വിദഗ്ധ ചികിത്സയും ഇവർക്ക് ലഭിക്കുന്ന രീതിയിലാണ് ഇൻഷുറൻസ് പദ്ധതി രൂപീകരിക്കുക. എന്നാൽ, പ്രസവം, സൗന്ദര്യചികിത്സകൾ എന്നിവക്ക് ഈ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
അതേസമയം ഓപ്ഷണലായ പദ്ധതിക്ക് തൊഴിലാളികൾ പ്രത്യേക രജിസ്ട്രേഷൻ ചെയ്യേണ്ടതുണ്ട്. സ്വകാര്യ ഇൻഷുറൻസ് കമ്പനികളിൽനിന്നാണ് ഈ പാക്കേജ് എടുക്കേണ്ടത്. കൂടാതെ സ്വകാര്യ ആശുപത്രികളിലേക്ക് വിദേശ തൊഴിലാളികളെ ആകർഷിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. എല്ലാ പദ്ധതികളും നാഷണൽ ഇൻഷുറൻസ് പ്രോഗ്രാമായ സെഹാതിയുടെ ഭാഗമായാണ് നടപ്പാക്കുന്നത്. പൗരന്മാർക്കും വിദേശികൾക്കും സഞ്ചാരികൾക്കും ആരോഗ്യ പരിരക്ഷ നൽകുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിയ്ക്ക് പിന്നിലുള്ളത്.