ചൈനയിലെ ഹാങ്ചൗവിൽ നടക്കുന്ന 19-ാമത് ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ട തുടങ്ങി ഇന്ത്യ. ഷൂട്ടിംഗിൽ ഇന്ത്യൻ വനിതാ ടീം വെള്ളിമെഡൽ നേടി. 10 മീറ്റർ എയർ റൈഫിളിലാണ് നേട്ടം. മേഹുലി ഘോഷ്, ആഷി ചൗക്‌സി, റമിത എന്നിവരടങ്ങിയ ടീമാണ് മെഡൽ നേടി അഭിമാനമായത്. ചൈനയ്ക്കാണ് സ്വർണം. തുഴച്ചിലിലും ഇന്ത്യ വെള്ളി മെഡൽ നേടി.
അർജുൻ ലാൽ-അരവിന്ദ് സഖ്യത്തിനാണ് ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾസിൽ വെള്ളി മെഡൽ കിട്ടിയത്. ഫുട്‍ബോളിൽ പ്രീക്വാർട്ടർ ഉറപ്പിക്കാൻ ഇന്ത്യ ഇന്നിറങ്ങും. 655 താരങ്ങൾ ഉൾപ്പെടുന്ന വലിയ നിരയെയാണ് ഇന്ത്യ ചൈനയിലെ ഹാങ്ചൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനായി അയച്ചിട്ടുള്ളത്.
ഹോക്കിയിൽ ആദ്യ മൽസരത്തിനിറങ്ങുന്ന ഇന്ത്യയ്ക്ക് ഉസ്ബെക്കിസ്ഥാനാണ് എതിരാളികൾ. പുരുഷൻമാരുടെ ഫുട്ബോളിൽ ഇന്ത്യ ഇന്ന് മ്യാൻമറിനെയും വനിതകളുടെ മൽസരത്തിൽ ഇന്ത്യ തായ്‌ലൻഡിനെയും നേരിടും. ഏഷ്യയുടെ ‘ഒളിമ്പിക്സ്’ എന്നറിയപ്പെടുന്ന ഏഷ്യൻ ഗെയിംസ് ഇന്നലെയാണ് ഔദ്യോഗികമായി തുടങ്ങിയത്. 45 രാജ്യങ്ങളിൽ നിന്നായി 12,417 കായികതാരങ്ങളാണ് ഇക്കുറി മാറ്റുരയ്ക്കുന്നത്.