അമിതമായി എനർജി ഡ്രിങ്ക് കുടിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഖത്തറിലെ ഹമദ് മെഡിക്കൽ കോർപ്പറേഷൻ. എനർജി ഡ്രിങ്കുകൾ കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന കണ്ടെത്തലിനെത്തുടർന്ന് മെഡിക്കൽ കോർപ്പറേഷൻ ഇത് സംബന്ധിച്ച ആരോഗ്യ ക്യാമ്പയിനുകൾ നടത്തിവരുന്നതിന്റെ ഭാഗമായാണ് മുന്നറിയിപ്പ് നൽകിയത്.
നിലവിൽ ഖത്തറിൽ കുട്ടികളിലും കൗമാരക്കാരിലും മുതിർന്നവരിലും എനർജി ഡ്രിങ്കുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വ്യാപകമായി വർധിച്ചിരിക്കുകയാണ്. വിവിധ കമ്പനികളുടെ എനർജി ഡ്രിങ്കുകളാണ് ഇന്ന് ദിവസേന മാർക്കറ്റിൽ ലഭ്യമാകുന്നത്. എന്നാൽ ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഹൃദയത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്നും ഇത് ഹൃദ്രോഗത്തിന് കാരണമാകുമെന്നും അധികൃതർ പറഞ്ഞു.
കൂടാതെ ഇവ നാഡീ വ്യൂഹത്തെ ബാധിക്കുന്നത് വഴി ഉറക്കമില്ലായ്മ, ഉത്കണ്ഠ, അമിത വണ്ണം, പ്രമേഹം എന്നിവയ്ക്കും കാരണമാകും. എനർജി ഡ്രിങ്കുകളുടെ അസിഡിക് സ്വഭാവം പലപ്പോഴും പല്ലുകൾ ദ്രവിക്കാനും ഇടയാക്കും. വിദ്യാർത്ഥികളിൽ ഇവയുടെ ഉപയോഗം ഓർമ്മക്കുറവ്, പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഹമദ് മെഡിക്കൽ കോർപ്പറേഷൻ വ്യക്തമാക്കി.