ഹജ് സുരക്ഷാ പദ്ധതിയുടെ ആദ്യ ഘട്ടം വിജയകരമായി നടപ്പിലാക്കിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹജ് മുന്നൊരുക്കത്തിലേക്കുള്ള യാത്രയും കൂടാരത്തിൽ രാപാർക്കലും തിരിച്ച് അറഫയിലേക്കുള്ള തീർഥാടകരുടെ യാത്രയുമെല്ലാം സമാധാനപരമായിരുന്നു. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ സമ്മേളനമായ അറഫാ സംഗമത്തിൽ 18.65 ലക്ഷത്തിലേറെ പേരാണ് അണിനിരന്നത്. പിന്നീട് മുസ്ദലിഫയിലേക്കുള്ള യാത്രയും അവിടെയുള്ള താമസവും ഇന്നലെ മിനായിൽ നടന്ന കല്ലേറ് ചടങ്ങും തീർഥാടകർ സുരക്ഷിതമായി നിർവഹിച്ചു.
അതേസമയം ലക്ഷക്കണക്കിന് തീർഥാടകരെ സംയമനത്തോടെയും സുരക്ഷിതമായും കൈകാര്യം ചെയ്യുന്നതിൽ സൗദി അറേബ്യ ലോകത്തിന് മാതൃകയാണെന്ന് ഹജ്, ഉംറ മന്ത്രി തൗഫിഖ് അൽ റബീഅ അറിയിച്ചു. തീർഥാടകരുടെ ആരോഗ്യ, സുരക്ഷാ, ഗതാഗത കാര്യങ്ങളിൽ മാതൃകാപരമായ നടപടിയാണ് സൗദി നടപ്പിലാക്കിയത്. മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിൽ തീർഥാടകരെ എത്തിക്കാൻ മശാഇർ ട്രെയിൻ, ബസ്, ഇലക്ട്രിക് ബസ് എന്നിവയും ഉപയോഗിച്ചിട്ടുണ്ട്.
മണിക്കൂറിൽ മൂന്ന് ലക്ഷം പേരെയാണ് മശാഇർ ട്രെയിൻ വഴി മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലേക്ക് എത്തിച്ചത്. ശേഷിച്ചവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ 11 റൂട്ടുകളിലായി 20,000 ബസുകളും ഉപയോഗിച്ചു. 42,000 ഡ്രൈവർമാരും 195 അകമ്പടി വാഹനങ്ങളുടെയും സേവനവും ലഭ്യമായിരുന്നു. കൂടാതെ മക്കയിലും മദീനയിലും തീർഥാടകർക്കും അനുഗമിക്കുന്നവർക്കും ഉദ്യോഗസ്ഥർക്കുമായി 27,00,000 താമസ സൗകര്യങ്ങളും മന്ത്രാലയം ഒരുക്കിയിരുന്നു.