ഹജ്ജ് തീർഥാടകർക്ക് യാത്ര ചെയ്യുന്നതിനായി അൽഹറമൈൻ, മശാഇർ ട്രെയിനുകൾ സജ്ജമാക്കിയതായി സൗദി റെയിൽവേ അറിയിച്ചു. തീർഥാടകരെ എളുപ്പത്തിലും സൗകര്യത്തോടെയും കൊണ്ടുപോകാനും യാത്രയിൽ അവർക്ക് മികച്ച അനുഭവങ്ങൾ നൽകാനുമുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്നും സൗദി റെയിൽവേ അധികൃതർ കൂട്ടിച്ചേർത്തു.
പുണ്യസ്ഥലങ്ങളായ മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന റെയിൽ സർവീസ് ആണ് അൽഹറമൈൻ. ജിദ്ദ, കിങ് അബ്ദുല്ല ഇക്കണോമിക്സിറ്റി വഴിയാണ് അൽഹറമൈൻ കടന്ന് പോകുന്നത്. കൂടാതെ മിന, മുസ്ദലിഫ, അറഫ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ‘മശാഇർ’ ട്രെയിനുകളും തീർഥാടകരെ സ്വീകരിക്കാൻ സജ്ജമാക്കിയിട്ടുണ്ട്.
അതേസമയം ട്രെയിനുകളുടെയും സ്റ്റേഷനുകളുടെയും അറ്റകുറ്റപ്പണികളും പരിശോധനകളും പൂർത്തിയായതായും സൗദി റെയിൽവേ അറിയിച്ചു. സുരക്ഷയുടെയും ഗുണനിലവാരത്തിന്റെയും ഉയർന്ന മാനദണ്ഡങ്ങൾ പാലിച്ച് ദുൽഹജ്ജ് ഏഴ് മുതൽ ഹജ്ജ് കഴിയുന്നതുവരെയുള്ള ദിവസങ്ങളിൽ സർവിസ് നടത്തുന്നതിനുവേണ്ട എല്ലാ പരിശോധനകളും പൂർത്തിയാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. 17 ട്രെയിനുകളാണ് ഇത്തവണ ഹജ്ജ് വേളയിൽ സർവീസ് നടത്തുക. കൂടാതെ പുണ്യസ്ഥലങ്ങൾക്കിടയിൽ ഇത്രയും ട്രെയിനുകൾ 2000 ത്തിലധികം സർവിസുകൾ നടത്തുമെന്നാണ് പ്രതീക്ഷയെന്നും സൗദി റെയിൽവേ വ്യക്തമാക്കി.