ഉംറ തീർത്ഥാടനത്തിനെത്തുന്നവർ പ്രാർത്ഥനാ സ്ഥലത്തും ഇടനാഴികളിലും കിടക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹജ് ഉംറ മന്ത്രാലയം. ഉംറ തീർത്ഥാടനത്തിനിടെ പ്രാർത്ഥനാ സ്ഥലത്തും ഇടനാഴികളിലും വഴിയിലും ഇരിക്കുന്നതും കിടന്നുറങ്ങുന്നതും ഒഴിവാക്കി സുഗമമായ തീർത്ഥാടനത്തിന് സഹകരിക്കണമെന്നാണ് മന്ത്രാലയം ആവശ്യപ്പെട്ടത്.
എമർജൻസി വാഹനങ്ങൾ കടന്നുപോകുന്ന വഴിയിലും ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് സഞ്ചരിക്കാനുള്ള വഴിയിലും തീർത്ഥാടകർ വിശ്രമിക്കുന്നത് സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുന്നതിനാലാണ് പുതിയ തീരുമാനം. ഉംറ നിർവ്വഹിക്കാൻ അനുയോജ്യമായ വസ്ത്രങ്ങൾ ധരിച്ച് ചൂടു കുറവുള്ള സമയം പ്രാർത്ഥനകൾക്കായി ഉപയോഗിക്കണമെന്നും തണൽ സ്ഥലങ്ങളിൽ നിൽക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. കൂടാതെ മക്കയിലെ മസ്ജിദുൽ ഹറം പള്ളിയിലും മദീനയിലെ പ്രവാചക പള്ളിയിലും വിശ്വാസികൾ മാസ്ക് ധരിക്കണമെന്നും പൊതു സുരക്ഷാ വകുപ്പ് നിർദേശിച്ചു.