ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ 210 കിലോ ഭാരമുള്ള ബാർബെൽ ദേഹത്ത്വീണ് ഫിറ്റ്നസ് ഇൻഫ്ലുവൻസർ ജസ്റ്റിൻ വിക്കിക്ക് ദാരുണാന്ത്യം. ഇന്തൊനീഷ്യക്കാരനായ 33 വയസ്സുകാരൻ വിക്കി ബാർബെൽ ഉയര്‍ത്തി സ്ക്വാറ്റ് ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായാണ് അപകടം ഉണ്ടായത്. ബാർബെല്‍ ദേഹത്ത് വീണതോടെ കഴുത്ത് ഒടിഞ്ഞു.
ദിവസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുകയാണ്. ഭാരം താങ്ങാൻ സാധിക്കാതെ ജസ്റ്റിൻ വിക്കി പിറകിലേക്കു വീഴുന്നതായി വീഡിയോയിൽ കാണാം. ഇതോടെ ബാർബെൽ കഴുത്തിൽ പതിച്ചു. ജസ്റ്റിൻ തന്നെ ബാർബെലിന് അടിയില്‍നിന്ന് പുറത്തേക്കു വരുന്നതായും വിഡിയോയിലുണ്ട്. ജസ്റ്റിനെ സഹായിക്കാനായി കൂടെയുണ്ടായിരുന്ന ആളും വീണതായി റിപ്പോർട്ടുകളുണ്ട്.
ജസ്റ്റിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ബാലിയിലെ പാരഡൈസ് എന്ന സ്ഥാപനത്തിൽ ഫിറ്റ്നസ് ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു ജസ്റ്റിൻ. അതേസമയം ബാലിയിൽ നിരവധി ആരാധകരുള്ള ജസ്റ്റിന്റെ മരണത്തില്‍ സമൂഹമാധ്യമങ്ങളിലും മറ്റുമായി അനുശോചന സന്ദേശങ്ങൾ പ്രവഹിക്കുകയാണ്.