തൃശൂർ വിവേകോദയം സ്കൂളിൽ വെടിവെയ്പ് നടത്തിയ പൂർവ വിദ്യാർത്ഥിയെ പോലീസ് പിടികൂടി. മുളയം സ്വദേശി ജഗനെയാണ് പോലീസ് പിടികൂടിയത്. സ്കൂളിൽ തോക്കുമായെത്തി ക്ലാസ് റൂമിൽ കയറി 3 തവണ വെടിവച്ചു. ശേഷം സ്റ്റാഫ് റൂമിലേക്ക് കയറിച്ചെന്ന് തോക്കു ചൂണ്ടി. എല്ലാ ക്ലാസുകളിലും എയർ ഗണ്ണുമായി പോയി അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്നും സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു.
ഓഫീസ് വർക്കുകൾ ചെയ്യുന്നതിനിടയിലാണ് പുറത്ത് നിന്ന് ജഗൻ കയറി വന്നത്. കുട്ടികളുടെ സൈക്കിൾ തട്ടിതെറിപ്പിച്ചാണ് ഇയാൾ കടന്ന് വന്നത്. സ്റ്റാഫ് റൂമിന് ഉള്ളിലേക്ക് കയറിയതിന് ശേഷം തോക്കെടുത്തു. ഉടൻ തന്നെ പ്രിൻസിപ്പൽ സഹായത്തിനായി പൊലീസിനെ വിളിച്ചു. പൊലീസ് വരുന്നതിന് മുന്നേ ജഗൻ എല്ലാ ക്ലാസുകളിലും എയർ ഗണ്ണുമായി പോവുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഒരുവർഷം മാത്രമാണ് പ്രതി ഈ സ്കൂളിൽ പഠിച്ചത്. അതിന് ശേഷം ക്ലാസ് അറ്റൻഡ് ചെയ്തിട്ടില്ല. ഇപ്പോൾ 18 വയസ്സാണ് പ്രതിയ്ക്കുള്ളത്. അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തിൽ എല്ലാവരും മാനസികമായി ഭീതിയിലായിരുന്നു. എല്ലാ കുട്ടികളോടുമുള്ള സ്നേഹമാണ് അവന് നൽകിയിരുന്നത്. ക്ലാസ് ടീച്ചർ ആയിരുന്ന അധ്യാപകന് നേരെയും ഭീഷണിപ്പെടുത്തി. ഇങ്ങനെയൊരു സംഭവം സ്കൂൾ ചരിത്രത്തിൽ ആദ്യമായിട്ടാണെന്നും സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു. ക്ലാസ് മുറികളിൽ കയറി മുകളിലേക്കാണ് വെടിവെച്ചത്. അതുകൊണ്ട് തന്നെ കൂടുതൽ അപകടം ഒഴിവായി. തൃശൂർ ഈസ്റ്റ് പൊലീസാണ് ജഗനെ കസ്റ്റഡിയിലെടുത്തത്.