പകർച്ച വ്യാധികൾ തടയാൻ ജിസിസി രാജ്യങ്ങളിലെ വാക്സിനേഷൻ ഫലപ്രദമെന്ന് ഗൾഫ് ഹെൽത്ത് കൗൺസിലിൻ്റെ കണക്കുകൾ. വാക്സിനേഷനുകൾ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുമെന്നും കൗൺസിൻ്റെ കണ്ടെത്തൽ. ഗൾഫ് വാക്സിനേഷൻ ദിനത്തോടനുബന്ധിച്ചാണ് കൗൺസിൽ പഠന റിപ്പോർട്ട് പുറത്തുവിട്ടത്.
രോഗങ്ങൾ തടയുന്നതിനും അണുബാധയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും 99 ശതമാനം വരെ സംരക്ഷണം നൽകാൻ വാക്സിനേഷനുകൾക്ക് സാധിക്കുമെന്നാമ് പഠനറിപ്പോർട്ട്. വാക്സിനേഷൻ്റെ അളവ് കൂടുന്നതിനനുസരിച്ച് പ്രതിരോധശേഷി വർദ്ധിക്കുമെന്നും ഗൾഫ് ഹെൽത്ത് കൗൺസിൽ വ്യക്തമാക്കി.
ഡിഫ്തീരിയ, ടെറ്റനസ്, വില്ലൻ ചുമ, ഇൻഫ്ലുവൻസ, അഞ്ചാംപനി തുടങ്ങിയ രോഗങ്ങൾക്ക് പ്രധാനമായും പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത്. ഓരോ വർഷവും ഏകദേശം 3.5 മുതൽ 5 ദശലക്ഷം വരെ മരണ നിരക്ക് കുറയ്ക്കാൻ വാക്സിനേഷൻ യജ്ഞംകൊണ്ട് സാധിക്കുന്നുണ്ട്. കോവിഡ് 19 മഹാമാരിയെ ചെറുത്തുനിർത്തിയതും വാക്സിനുകളുടെ ഉപയോഗമാണ്.
അതേസമയം ഹെപ്പറ്റൈറ്റിസ് എ, ഇൻഫ്ലുവൻസ എന്നിവയ്‌ക്കുള്ള വാക്‌സിനുകൾ ദീർഘകാലത്തേക്ക് പ്രതിരോധശേഷി നൽകുന്നതല്ല. ഇത്തരം സാഹചര്യങ്ങളിൽ ബൂസ്റ്റർ ഡോസുകൾ ഉപയോഗിക്കുന്നത് രോഗപ്രതിരോധശേഷി ഉയർത്തുന്നതാണെന്നും ഗൾഫ് കൌൺസിൽ പഠനത്തിൽ പറയുന്നു.