ജനങ്ങൾക്ക് ആശ്വാസമായി യുഎഇയിൽ വരും ദിവസങ്ങളിൽ പലചരക്ക് സാധനങ്ങളുടെ വില കുറയാൻ സാധ്യതയെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ നിന്ന് രാജ്യത്തേയ്ക്ക് പലചരക്ക് സാധനങ്ങളുടെ ഇറക്കുമതി വർധിക്കുന്ന സാഹചര്യത്തിലാണ് സാധനങ്ങളുടെ വില കുറയുമെന്ന് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയിൽ കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥ ആരംഭിക്കുന്നതോടെ ഉല്പാദനം വർധിക്കുകയും തുടർന്ന് കയറ്റുമതി വർധിക്കുകയും ചെയ്യുമെന്നാണ് കണക്കാക്കപ്പെടുന്നത്.
യുഎഇയിലേക്ക് പയറുവർഗ്ഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, അരി, ഗോതമ്പ്, മറ്റ് ചരക്കുകൾ തുടങ്ങിയവ വലിയ തോതിൽ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (സിഇപിഎ) ഒപ്പുവച്ചതിന് ശേഷം ഇരുരാജ്യങ്ങൾക്കുമിടയിൽ അത്തരം വസ്തുക്കളുടെ വ്യാപാരം ഗണ്യമായി വർദ്ധിച്ചിട്ടുമുണ്ട്. ഇന്ത്യ ഉള്ളിയുടെ കയറ്റുമതി നിർത്തിയതോടെ യുഎഇയിൽ ഉള്ളിവില കുതിച്ചുയർന്നിരുന്നു. തുടർന്ന് ഈദ് അൽ ഫിത്തറിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ യുഎഇയിലേക്ക് 10,000 ടൺ ഉള്ളി കയറ്റുമതി ചെയ്യാൻ ഇന്ത്യ അനുവദിക്കുകയായിരുന്നു. ഇതോടെ ഉള്ളിവില കുറയുകയും ചെയ്തു.
സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ച് രാജ്യത്ത് പലചരക്ക് സാധനങ്ങളുടെ വില കുറയുമെന്നത് ആശ്വാസകരമാണ്. കാരണം തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്നവർക്ക് അടിക്കടി വർധിക്കുന്ന അവശ്യവസ്തുക്കളുടെ വില താങ്ങാവുന്നതിലും അപ്പുറമായിരിക്കും. ഈ സാഹചര്യത്തിൽ വിലക്കുറവ് പ്രവാസികൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.