പാറശാല ഷാരോൺ വധക്കേസിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച മുഖ്യപ്രതി ഗ്രീഷ്മ 11 മാസത്തെ ജയിൽവാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ജയിൽ മോചിതയായത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഗ്രീഷ്മ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് കൂടുതൽ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. തമിഴ്നാട്ടിലേക്ക് കേസ് മാറ്റണമെന്ന ആവശ്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ ‘എന്റെ ആവശ്യങ്ങൾ ഞാൻ ഉള്ളവരോടു പറഞ്ഞോളാം. എനിക്ക് നിങ്ങളോടൊന്നും പറയാനില്ലെ’ന്നായിരുന്നു മറുപടി.
കൂടുതൽ പ്രതികരണങ്ങൾക്ക് നിൽക്കാതെ ഗ്രീഷ്മ ബന്ധുക്കൾക്കൊപ്പം പോവുകയായിരുന്നു. കേസ് തമിഴ്നാട്ടിലേക്ക് മാറ്റണമോ എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണോയെന്ന ചോദ്യത്തോട് അത് കോടതിയിൽ ഉള്ള കാര്യമല്ലേ എന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി. കോടതിയിലുള്ള കാര്യങ്ങൾ കോടതി പരിഗണിക്കട്ടേയെന്ന് കൂടെയുണ്ടായിരുന്ന അഭിഭാഷകനും പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബർ 31നായിരുന്നു ഗ്രീഷ്മയെ പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. സൈനികനുമായുള്ള വിവാഹം ഉറപ്പിച്ചിട്ടും മുൻ കാമുകൻ പ്രണയബന്ധത്തിൽ നിന്ന് പിന്മാറാതെ വന്നപ്പോൾ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിൽ വിഷം കലക്കി നൽകി കൊലപ്പെടുത്തുകയായിരുന്നു. നെയ്യൂരിലെ സ്വകാര്യ കോളോജിൽ റേഡിയോളജി ബിരുദ വിദ്യാർത്ഥിയായിരുന്നു കൊല്ലപ്പെട്ട ഷാരോൺ. ബസ് യാത്രക്കിടയിലാണ് ഗ്രീഷ്മയെ പരിചയപ്പെട്ടത്. 10 മാസം നീണ്ട പ്രണയമായിരുന്നു ഇരുവരുടേതും. ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന വന്നപ്പോൾ ബന്ധത്തിൽ നിന്ന് പിൻമാറാൻ ഷാരോൺ വിസമ്മതിച്ചു. ഈ വൈരാഗ്യമാണ് പിന്നീട് കൊലപാതകത്തിൽ കലാശിച്ചത്.