സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരവുമായി യുഎഇ. സ്വകാര്യ മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയമുള്ള സ്വദേശികൾക്ക് സർക്കാർ ജോലിക്ക് മുൻഗണന നൽകുന്ന പുതിയ നയമാണ് മന്ത്രിസഭ അംഗീകരിച്ചത്. സർക്കാർ, സ്വകാര്യ മേഖലകൾ തമ്മിലുള്ള സംയോജനം കൂടുതൽ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്.
യുഎഇയിൽ സ്വകാര്യമേഖലയിലെ സ്വദേശിവത്കരണ നിരക്ക് ഒരു ലക്ഷം കവിഞ്ഞതായും രാജ്യത്തിൻ്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയേറെ പൗരന്മാർ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നതെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നാഫിസ് പദ്ധതി ആരംഭിച്ചതിന് ശേഷം 70,000 പേർ സ്വകാര്യ മേഖലയിലെ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. അടുത്ത മൂന്ന് വർഷത്തിനകം പൗരന്മാർക്കായി 1,00,000 തൊഴിലവസരങ്ങൾ കൂടി സൃഷിക്കാനും യുഎഇ ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് സ്വകാര്യ മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് സർക്കാർ ജോലിയിൽ മുൻഗണന നൽകുന്ന പുതിയ നയം മന്ത്രിസഭ അംഗീകരിച്ചത്.
നിലവിൽ രാജ്യത്തെ 20,000-ലേറെ സ്വകാര്യ സ്ഥാപനങ്ങൾ സ്വദേശികളെ നിയമിച്ചിട്ടുണ്ട്. 2021-മായി താരതമ്യപ്പെടുത്തുമ്പോൾ സ്വദേശികളുടെ എണ്ണം 170 ശതമാനമാണ് വർധിച്ചത്. സ്വദേശിവത്കരണം യുഎഇയിൽ മികച്ച രീതിയിലാണ് നടപ്പിലാക്കിവരുന്നത്. ഇതിൽ ക്രമക്കേട് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരേ കർശന നിയമനടപടികളാണ് സ്വീകരിക്കുന്നത്. അതേസമയം, അർധവാർഷിക സ്വദേശിവത്കരണം പൂർത്തിയാക്കാനുള്ള സമയപരിധി അടുത്ത മാസം 30-ന് അവസാനിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.