മാധ്യമങ്ങളേയും മാധ്യമപ്രവര്‍ത്തകരേയും സംരക്ഷിക്കാന്‍ സര്‍ക്കാരുകളും അന്താരാഷ്ട്ര സമൂഹവും നടപടിയെടുക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. മാധ്യമപ്രവർത്തകര്‍ക്കെതിരായ ആക്രമണങ്ങളും മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയും സംബന്ധിച്ച് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. മാധ്യമ സംരക്ഷണവുമായി ബന്ധപ്പെട്ട യുഎൻ കർമപദ്ധതിയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ചാണ് പ്രതികരണം.
സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ജനാധിപത്യത്തിന് അന്ത്യന്ത്യാപേക്ഷിതമാണെന്ന് യുഎന്‍ സെക്രട്ടറി വ്യക്തമാക്കി. തെറ്റുകൾ തുറന്നുകാട്ടുക, സുസ്ഥിര വികസന ലക്ഷ്യങ്ങൾ മുന്നോട്ട് , നീതിയും സമത്വവും ഉറപ്പാക്കുക, പ്രകൃതി സംരക്ഷണം ഉൾപ്പെടെ ഭാവിയ്ക്കുവേണ്ടി നിലകൊളളുക എന്നത് മാധ്യമധര്‍മ്മമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം ഒഴിവാക്കുന്നതിനും എല്ലാവർക്കുമായി സത്യത്തിനും നീതിക്കും മനുഷ്യാവകാശത്തിനും വേണ്ടി നിലകൊള്ളാമെന്നും അന്താരാഷ്ട്ര ദിനത്തോട് അനുബന്ധിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്ത് തടവിലാക്കപ്പെടുന്ന മാധ്യമപ്രവര്‍ത്തരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. അക്രമം, മരണം എന്നിവയുടെ ഭീഷണികൾ ഉയരുന്നു. ഓൺലൈൻ ഭീഷണിപ്പെടുത്തൽ, വിദ്വേഷ പ്രസംഗങ്ങൾ, പ്രത്യേകിച്ച് വനിതാ മാധ്യമപ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങൾ എന്നിവ ലോകമെമ്പാടുമുള്ള മാധ്യമ പ്രവർത്തകരെ തളർത്തുന്നതിന് കാരണമാകുന്നെന്നും യുഎന്‍ വിലയിരുത്തി.
അതേസമയം പ്രതികരണവുമായി യുനസ്കോയും രംഗത്തെത്തി. അഭിപ്രായ സ്വാതന്ത്ര്യം, മാധ്യമപ്രവർത്തകരുടെ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ 36,000 ജുഡീഷ്യൽ, നിയമപാലകർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരെ പരിശീലിപ്പിച്ചതായി യുനെസ്കോ വ്യക്തമാക്കി. കഴിഞ്ഞ ദശകത്തിൽ 955 മാധ്യമപ്രവർത്തകർക്ക് ജീവൻ നഷ്ടപ്പെട്ടെന്നാണ് യുനെസ്‌കോയുടെ കണക്കുകൾ. 2018 ന് ശേഷം ഏറ്റവും കൂടുതല്‍മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് 2022ലാണെന്നും കണക്കകുകൾ സൂചിപ്പിക്കുന്നു.
യുക്രൈനിലും അഫ്ഗാനിസ്ഥാനിലും മാധ്യമപ്രവര്‍ത്തകര്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. നാലിൽ മൂന്ന് വനിതാ മാധ്യമപ്രവർത്തകർ ഓൺലൈൻ പീഡനം അനുഭവിക്കുന്നവരാണെന്ന് യുനെസ്കോയും വിലയിരുത്തുന്നു.