മരണാനന്തരം അവയവദാനം നടത്തുന്ന വ്യക്തികളുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുന്ന കാര്യം പരിഗണിക്കാൻ ഒരുങ്ങി കേരള സർക്കാർ. ഇതിന്റെ പ്രായോഗിക വശങ്ങൾ പരിശോധിച്ച് വരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സമാനമായ രീതിയിൽ അവയവദാനം നടത്തുന്നവരുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്താൻ തമിഴ്നാട് നടപടികൾ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളവും ഇത് സംബന്ധിച്ച ആലോചനകൾ തുടങ്ങിയത്.
പ്രായോഗിക വശങ്ങൾ പരിശോധിച്ചതിന് ശേഷം ആരോഗ്യവകുപ്പ് സർക്കാരിന് റിപ്പോർട്ട് നൽകും. നയപരമായ കാര്യമായതിനാൽ മന്ത്രിസഭ ചർച്ച ചെയ്തശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൂടാതെ അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വലിയ ക്യാമ്പയിൻ ആരംഭിക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സിനിമാ താരങ്ങളെയും സമൂഹത്തിൽ അറിയപ്പെടുന്നവരെയും ക്യാമ്പയിന്റെ ഭാഗമാക്കും. നവംബർ പകുതിയോടെ ക്യാംപയിൻ ആരംഭിക്കാനാണ് സർക്കാരിന്റെ തീരുമാനം.
അതേസമയം ഓരോ ജില്ലകളിലുമായി അവയവ ദാനത്തിന്റെ ചുമതലയുള്ള കോ ഓർഡിനേറ്റർമാരുടെ യോഗവും നവംബർ പത്തിന് ചേരും. അവയവദാനവുമായി ബന്ധപ്പെട്ട നിയമവശങ്ങൾ ആരോഗ്യപ്രവർത്തകരിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾക്കും സർക്കാർ തുടക്കമിടും.