കുവൈറ്റിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചു. ഇതിനോടൊപ്പം തന്നെ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിമാന ടിക്കറ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ടിക്കറ്റ് നിർബന്ധമാക്കിയതോടെ റിക്രൂട്ട് ചെലവ് ഉയരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ നിർദേശ പ്രകാരം വാണിജ്യ-വ്യവസായ മന്ത്രി മുഹമ്മദ് അൽ അയ്ബാനാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിനായി 750 ദീനാറും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് 575 ദീനാറുമാണ് നിരക്ക്. കൂടാതെ ഏജന്‍സികള്‍ ഇല്ലാതെ നേരിട്ട് ഗാർഹിക തൊഴിലാളിയെ കൊണ്ടുവരുന്നതിന് 350 ദീനാറും ചെലവ് വരും.
അതേസമയം കമ്പനികളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കാലാവധി അവസാനിക്കുന്നതിന് മുൻപ് ഗാർഹിക തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുന്നത് സാമ്പത്തിക ബാധ്യത വരുത്തുന്നതായി സ്പോൺസർമാർ നേരത്തേ തന്നെ പരാതിപെട്ടിരുന്നു. ഇത്തരം ഘട്ടങ്ങളിൽ ടിക്കറ്റ് വില അടക്കമുള്ള കുടിശ്ശിക ഈടാക്കാൻ നിയമം സ്പോൺസർമാരെ സഹായിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പുതിയ നീക്കത്തിലൂടെ തൊഴിലുടമകളും റിക്രൂട്ട്മെന്റ് ഏജൻസികളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെ, ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫിസുകളിൽ പണമടയ്ക്കാൻ കെ നെറ്റ് ഉപയോഗപ്പെടുത്താൻ പബ്ലിക് മാൻ പവർ അതോറിറ്റി, വാണിജ്യമന്ത്രാലയം എന്നിവ ആഹ്വാനം ചെയ്തിട്ടുണ്ട്.
ഓഫിസുകൾ പ്രഖ്യാപിച്ച നിരക്ക് പാലിക്കുന്നില്ലെങ്കിൽ ഹോട്ട് ലൈൻ നമ്പറായ 96966595 ലും വാണിജ്യ മന്ത്രാലയത്തിലും (135) പരാതി സമർപ്പിക്കാനും ഔദ്യോഗിക വൃത്തങ്ങൾ അഭ്യർഥിച്ചു. തൊഴിൽ റിക്രൂട്ട്മെന്റ് ഓഫിസുകൾ പരിശോധിക്കുന്നതിന് ആഭ്യന്തര, മാനവശേഷി മന്ത്രാലയവും വാണിജ്യ മന്ത്രാലയവും ചേർന്ന് സംയുക്ത പ്രവർത്തക സമിതി രൂപവത്കരിക്കുകയും ചെയ്യും. മാത്രമല്ല, തീരുമാനങ്ങൾ ലംഘിക്കുന്ന ലേബർ റിക്രൂട്ട്മെന്റ് ഓഫിസുകൾക്കെതിരെയും ഗാർഹിക തൊഴിലാളികൾക്കെതിരെയും കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പബ്ലിക് മാൻ പവർ അതോറിറ്റി, വാണിജ്യമന്ത്രാലയം എന്നിവ വ്യക്തമാക്കി.