എസ്‌എഫ്‌ഐ പ്രതിഷേധത്തിന് പിന്നാലെ, റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ഗവർണർ 2 മണിക്കൂറുകൾക്ക് ശേഷമാണ് സമരം അവസാനിപ്പിച്ചത്. എഫ്‌ഐആറിന്റെ പകർപ്പ് കൈയിൽ കിട്ടിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്. റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രത്തിന് റിപ്പോർട്ട് നൽകുമെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. കൊട്ടാരക്കരയിലെ സദാനന്ദ ആശ്രമത്തിൽ പരിപാടിക്കായി ഗവർണർ പോകുന്നതിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ.
ഗവർണർക്കെതിരെ പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് കടുത്ത വകുപ്പുകളാണ് ചുമത്തിയത്. ഗവർണർക്ക് പ്രത്യേക സംരക്ഷണം നൽകുന്ന ഐപിസി 124 വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കൊല്ലം ജില്ലാ സെക്രട്ടറി ഉൾപ്പടെ 17 എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെയാണ് കേസ്. ഗവർണറുടെ വാഹനം തടഞ്ഞു, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതുൾപ്പടെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തതെന്നും എഫ്‌ഐആറിൽ പറയുന്നു.
പ്രതിഷേധത്തിനിടെ കാറിൽനിന്നിറങ്ങിയ ഗവർണർ, എസ്‌എഫ്‌ഐ പ്രവർത്തകർക്കു നേരേ ക്ഷുഭിതനായി പാഞ്ഞടുത്തു. പൊലീസിനെ രൂക്ഷമായി ശകാരിക്കുകയും ചെയ്തു. വാഹനത്തിൽ തിരിച്ചുകയറാൻ കൂട്ടാക്കാതെ ഗവർണർ റോഡിനു സമീപത്തെ ചായക്കടയുടെ മുന്നിൽ കസേരിയിട്ടിരുന്ന് പ്രതിഷേധിച്ചു. കരിങ്കൊടി കാണിക്കുന്നു എന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഇവരെ കരുതൽ കസ്റ്റഡിയിൽ എടുത്തില്ലെന്ന് പൊലീസിനോട് ചോദിച്ചു.സംസ്ഥാന പൊലീസ് മേധാവി ഗവർണറെ നേരിട്ട് ഫോണിൽ വിളിച്ച് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുവെന്നു പറഞ്ഞിട്ടും ചെവിക്കൊള്ളാൻ ഗവർണർ തയാറായില്ല. ഒടുവിൽ എഫ്‌ഐആറിന്റെ പകർപ്പ് ചടയമംഗലം പൊലീസ് എത്തിച്ചതിനു പിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.