ടിക്കറ്റ് ബുക്കിങ് രംഗത്തും ചുവട് വയ്ക്കാനൊരുങ്ങി ഗൗതം അദാനി. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ(ഐ.ആർ.സി.ടി.സി)ന്റെ കുത്തക തകർക്കാനാണ് ഗൗതം അദാനിലക്ഷ്യമിടുന്നത് എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇതിന്റെ ഭാഗമായി ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമായ ട്രെയിൻമാന്റെ 100 ശതമാനം ഓഹരികൾ അദാനി വാങ്ങാനൊരുങ്ങുകയാണ്.
ഓഹരികൾ വാങ്ങുന്നുവെന്ന കാര്യം ഓഹരി വിപണികളെ അദാനി തന്നെയാണ് അറിയിച്ചത്. അദാനി എന്റർപ്രൈസിന്റെ ഉടമസ്ഥതയിലുള്ള അദാനി ഡിജിറ്റൽ ലാബ് പ്രൈവറ്റ് ലിമിറ്റഡാണ് ഓഹരികൾ വാങ്ങുക. ഇതിനായി സ്റ്റാർക്ക് എന്റർപ്രൈസ് പ്രൈവറ്റ് ലിമിറ്റഡുമായി അദാനിയുടെ കമ്പനി കരാറൊപ്പിട്ടുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
നേരത്തെ ഹിൻഡൻബർഗുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നിരുന്നു. ഇതിന് ശേഷം ആദ്യമായാണ് ഗൗതം അദാനി ഇത്രയും വലിയൊരു ഇടപാടിന് ഒരുങ്ങുന്നത്. അതേസമയം ഹിൻഡൻബർഗ് വിവാദത്തെ തുടർന്ന് ഫെബ്രുവരി അവസാനത്തോടെ അദാനി എന്റർപ്രൈസിന്റെ ഓഹരി വില 1195 രൂപയായി കുറഞ്ഞിരുന്നു. നിലവിൽ 2000 രൂപക്ക് മുകളിലാണ് കമ്പനി ഓഹരികൾ വ്യാപാരം നടത്തുന്നത്.