ക്രിസ്തുവിന്റെ പീഢാസഹനത്തിന്റെ ഓര്മ പുതുക്കി ഇന്ന് ദുഖവെള്ളി. ക്രിസ്തുവിന്റെ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും അനുസ്മരണമായി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. ഇതോടനുബന്ധിച്ച് ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ചടങ്ങുകളുമുണ്ട്. പീലാത്തോസിന്റെ അരമനയിലെ വിചാരണ മുതൽ യേശുവിന്റെ മൃതദേഹം കല്ലറയിൽ അടക്കുന്നത് വരെയുള്ള സംഭവങ്ങളാണ് ദുഖവെള്ളി ആചരണം. പീഡാനുഭവത്തിലെ 14 സംഭവങ്ങള്‍ അനുസ്മരിക്കുന്ന കുരിശിന്റെവഴിയാണു ഇന്നത്തെ പ്രധാന ചടങ്ങ്.
എറണാകുളം മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിയില്‍ മലയാറ്റൂർ മല കയറാൻ വിശ്വാസികളുടെ തിരക്കാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വലിയ തിരക്കാണ് ഇത്തവണ അനുഭവപ്പെടുന്നത്. സിറോ മലബാര്‍ സഭ അധ്യക്ഷൻ, മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ കോട്ടയം കുടമാളൂര്‍ സെന്റ് മേരീസ് ആര്‍ക്കി എപ്പിസ്കോപ്പല്‍ പള്ളിയില്‍ ദുഖവെള്ളി ശ്രുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
ലത്തീൻ സഭ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ്, ജോസഫ് കളത്തിപ്പറമ്പില്‍ എറണാകുളം സെന്റ് ഫ്രാൻസീസ് അസീസി കത്തീഡ്രലില്‍ വൈകുന്നേരം ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കും. യാക്കോബായ സഭ മെത്രാപൊലീത്തൻട്രസ്റ്റി, ബിഷപ്പ് ജോസഫ് മാര്‍ ഗ്രിഗോറിയോസ്, എറണാകുളം തിരുവാങ്കുളം കൃംന്താ സെമിനാരിയില്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ഓര്‍ത്തഡോക്സ് സഭ കൊല്ലം ഭദ്രാസനാധിപൻ, ബിഷപ്പ് ഡോ.ജോസഫ് മാര്‍ ദിവന്നാസിയോസ് തിരുവല്ല വളഞ്ഞവട്ടം സെന്റ് മേരീസ് പള്ളിയില്‍ ദുഖവെള്ളി ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കും