നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനും സ്വപ്ന സുരേഷിനും കസ്റ്റംസ് പിഴ ചുമത്തി. സ്വപ്നയ്ക്ക് ആറു കോടി രൂപയും ശിവശങ്കറിന് 50 ലക്ഷം രൂപയുമാണ് പിഴ. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ രാജേന്ദ്ര കുമാറാണ് ഉത്തരവിറക്കിയത്. രണ്ട് മുൻ നയതന്ത്ര ഉദ്യോഗസ്ഥരടക്കം കേസിൽ 44 പ്രതികൾക്ക് ആകെ 66.60 കോടിയാണ് പിഴയിട്ടിരിക്കുന്നത്.
2020 ജൂലൈ അഞ്ചിനായിരുന്നു തിരുവനന്തപുരം കാർഗോ കോംപ്ലക്സിൽ നിന്നും 14.82 കോടി രൂപ വില വരുന്ന 30 കിലോഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്. മാത്രമല്ല, പിടിച്ചെടുത്ത സ്വർണത്തിനു പുറമേ നയതന്ത്ര ബാഗേജ് കള്ളക്കടത്തു സംഘം 2019 നവംബറിനും 2020 മാർച്ചിനും ഇടയിൽ 46.50 കോടി രൂപ വിലവരുന്ന 136.828 കിലോഗ്രാം സ്വർണം കടത്തിയെന്ന കാര്യം വ്യക്തമാണെന്നും ഉത്തരവിൽ പറയുന്നു.
അതേസമയം ഡോളർ കടത്ത് കേസിൽ സ്വപ്നയും ശിവശങ്കറും 65 ലക്ഷം രൂപ വീതവും പിഴയടയ്‌ക്കേണ്ടതായുണ്ട്. ഉത്തരവിനെതിരേ പ്രതികള്‍ക്ക് അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കാമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ട്രിബ്യൂണലിന് ഉത്തവ് ശരിവെയ്ക്കുകയോ തിരുത്തലുകള്‍ ആവശ്യപ്പെടുകയോ ചെയ്യാം.