യുഎഇയിലെ സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ്. വാരാന്ത്യത്തിൽ എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയതിന് ശേഷം ആഴ്ചയിലെ ആദ്യ വ്യാപാര ദിനമായ ഇന്ന് രാജ്യത്ത് സ്വർണ വില ഗ്രാമിന് 1 ദിർഹമാണ് കുറഞ്ഞത്. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 302.75 ദിർഹത്തിലാണ് വ്യാപാരം നടക്കുന്നത്.
നിലവിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 280.25 ദിർഹം, 21 കാരറ്റിന് 271.5 ദിർഹം, 18 കാരറ്റിന് 232.75 ദിർഹം എന്നിങ്ങനെയാണ് വില. കഴിഞ്ഞ ശനിയാഴ്ച ഗ്രാമിന് 303.75 ദിർഹമെത്തിയതോടെ രാജ്യത്ത് സ്വർണ വില സർവകാല റെക്കോഡിലെത്തിയിരുന്നു. അതിലാണ് ഇന്ന് നേരിയ കുറവ് വന്നിരിക്കുന്നത്.
ആഗോളതലത്തിൽ യുഎഇ സമയം രാവിലെ 0.2 ശതമാനം കുറഞ്ഞ് ഔൺസിന് 2,500.99 ഡോളറിലാണ് സ്പോട്ട് ഗോൾഡ് വ്യാപാരം നടക്കുന്നത്. രാജ്യത്തെ സ്വർണ വില മാറിമറിയുന്നതിനാൽ ചെറിയ കുറവ് വരുമ്പോൾ തന്നെ ജനം സ്വർണം വാങ്ങുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്.