യുഎഇയിലെ സ്വർണ വില ഉയർന്നും താഴ്ന്നും തുടരുകയാണ്. ഇന്ന് വിലയിൽ നേരിയ കുറവാണ് വന്നിരിക്കുന്നത്. ഗ്രാമിന് അര ദിർഹമാണ് കുറഞ്ഞത്. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 290 ദിർഹത്തിലാണ് വ്യാപാരം നടക്കുന്നത്.
നിലവിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 268.5 ദിർഹം, 21 കാരറ്റിന് 260 ദിർഹം, 18 കാരറ്റിന് 222.75 ദിർഹം എന്നിങ്ങനെയാണ് വില. കഴിഞ്ഞ ദിവസം സ്വർണ വിലയിൽ ഒരു ദിവസം കൊണ്ട് 7 ദിർഹം കുറഞ്ഞതിന് പിന്നാലെ രണ്ട് ദിർഹം വർധിച്ചിരുന്നു. അതിലാണ് ഇന്ന് നേരിയ കുറവ് വന്നിരിക്കുന്നത്.
ആഗോളതലത്തിൽ യുഎഇ സമയം രാവിലെ 0.35 ശതമാനം ഉയർന്ന് ഔൺസിന് 2,393.29 ഡോളറിലാണ് സ്പോട്ട് ഗോൾഡ് വ്യാപാരം നടക്കുന്നത്. രാജ്യത്തെ സ്വർണ വില മാറിമറിയുന്നതിനാൽ ചെറിയ കുറവ് വരുമ്പോൾ തന്നെ ജനം സ്വർണം വാങ്ങുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്.
വില കുറയുമെന്ന് പ്രതീക്ഷിച്ച് സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവരും വർധിക്കുമെന്ന് വിചാരിച്ച് വിൽക്കാൻ കാത്തിരിക്കുന്നവരും നിരവധിയാണ്. എന്നാൽ വിപണിയിലെ ഇപ്പോഴത്തെ സ്ഥിതി കണക്കിലെടുത്ത് വരും ദിവസങ്ങളിൽ വിലയിൽ എന്തുമാറ്റമാണ് വരിക എന്ന് വിലയിരുത്താൻ സാധിക്കുന്നില്ലെന്നാണ് വിദഗ്ധാഭിപ്രായം.