മെയ് ഒൻപത് വരെയുള്ള എല്ലാ വിമാന സർവീസുകളും ഗോ ഫസ്റ്റ് എയർവേസ് റദ്ദാക്കി. ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവർക്ക് പണം തിരികെ നൽകുമെന്ന് കമ്പനി അറിയിച്ചു. മെയ് നാലിനായിരുന്നു ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് എയർലൈൻ നൽകിയത്. ഈ വർഷം മെയ് ഒൻപത് വരെയുള്ള എല്ലാ ഗോ ഫസ്റ്റ് എയർവേസ് സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ഇതിനെതിരെ പ്രവാസികൾ രംഗത്ത് എത്തുകയും ചെയ്തു.
അതേസമയം മെയ് മൂന്നാം തിയതി മുതൽ അഞ്ചാം തിയതി വരെയുള്ള എല്ലാ വിമാന സർവീസുകളും ഗോ ഫസ്റ്റ് എയർവേസ് നേരത്തേ റദ്ദാക്കിയിരുന്നു. കമ്പനി നേരിടുന്ന കനത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നായിരുന്നു നടപടി. എന്നാൽ സർവീസുകൾ പൂർണ്ണമായും നിർത്തി വയ്ക്കുകയും യാത്രക്കാരെ ആശങ്കയിലാക്കുകയും ചെയ്യുന്ന ഗോ ഫസ്റ്റ് എയര്‍ലൈന്റെ ഈ നടപടി പ്രതിഷേധാര്‍ഹമാണെന്ന് നിരവധി പ്രവാസി സംഘടനകൾ അറിയിച്ചു. കൂടാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടല്‍ നടത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
സര്‍വിസ് റദ്ദാക്കുന്ന കാര്യം യാത്ര ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രം അറിയിക്കുന്നത് പ്രവാസികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയും കടുത്ത പ്രയാസവുമാണ് ഉണ്ടാക്കുന്നത്. നേരത്തേ ടിക്കറ്റ് എടുത്തവര്‍ ഇപ്പോള്‍ മറ്റൊരു ടിക്കറ്റ് എടുക്കുന്നതിന് ഇരട്ടിയിലധികം പണം നല്‍കേണ്ട അവസ്ഥയും ഉണ്ടാവുന്നു. അവധിക്കാലം എത്തുന്നതോടെ നാട്ടിലേക്കുള്ള യാത്ര ദുരിതപൂര്‍ണമാവുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ഈ പ്രശ്നത്തിൽ കേന്ദ്ര-കേരള സര്‍ക്കാറുകള്‍ അടിയന്തരമായി ഇടപെടണം. വിദേശ വിമാന കമ്പനികള്‍ക്ക് അധിക സര്‍വിസ് നടത്തുന്നതിനുള്ള അനുമതി ഉടൻ നല്‍കണം. കൂടാതെ ടിക്കറ്റ് നിരക്ക് വർധനയ്ക്കും അറുതി വറുത്തണമെന്ന പ്രവാസികൾ ആവശ്യപ്പെട്ടു.