നിർത്തിവെച്ച ഗോ ഫസ്റ്റ് എയർലൈൻസ് സർവിസുകൾ പുനരാരംഭിക്കുന്നതിൽ തീരുമാനം വൈകുന്നു. ഇത് പ്രവാസികളെ വലിയ ദുരിതത്തിൽ ആക്കിയിരിക്കുകയാണ് ഈ മാസം ആദ്യം മുതലാണ് ഗോ ഫസ്റ്റ് സർവിസുകൾ നിർത്തിവച്ചത്. മേയ് മൂന്നു മുതൽ അഞ്ചുവരെയുള്ള സർവിസുകൾ ആദ്യം റദ്ദാക്കി. പിന്നീട് സർവീസുകൾ നിർത്തിവയ്ക്കുന്നത് 19 വരെ നീട്ടുകയും ചെയ്തു. എന്നാൽ സർവിസ് റദ്ദാക്കിയ ദിവസങ്ങളിൽ ടിക്കറ്റ് എടുത്തവർക്ക് പണം റീഫണ്ട് ചെയ്യുമെന്നും യാത്ര റീഷെഡ്യൂൾ ചെയ്യാൻ അവസരമുണ്ടാകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ജൂൺ, ജൂലൈ മാസങ്ങളിലെ അവധിക്കലാവും പെരുന്നാളും ഓണാഘോഷങ്ങളും കണക്കിലെടുത്ത് നിരവധി പേരാണ് ഈ വിമാനത്തിൽ മുൻകൂട്ടി ടിക്കറ്റെടുത്തത്. എന്നാൽ സർവിസ് പുനരാരംഭിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ലാത്തതിനാൽ കോഴിക്കോട്, ബംഗളൂരു എന്നിവിടങ്ങളിലേക്ക് ടിക്കറ്റ് എടുക്കേണ്ട ഗതികേടിലാണ് ഇപ്പോൾ കണ്ണൂരിൽ നിന്നുള്ള യാത്രക്കാർ. ഗോ ഫസ്റ്റിനെ കൂടാതെ എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് കുവൈറ്റിൽ നിന്ന് കണ്ണൂരിലേക്ക് സർവിസ് നടത്തുന്ന മറ്റൊരു വിമാനം. കുവൈറ്റിൽ നിന്ന് കണ്ണൂരിലേക്ക് ശനി, വ്യാഴം, ചൊവ്വ ദിവസങ്ങളിലാണ് ഗോ ഫസ്റ്റ് സർവിസ് നടത്തിയിരുന്നത്.
സർവീസ് മുടങ്ങിയതോടെ കുവൈത്തിൽ നിന്ന് കണ്ണൂരിലേക്ക് കൂടുതൽ വിമാന സർവിസുകൾ വേണമെന്ന് പ്രവാസി സംഘടനകൾ ആവശ്യം ഉന്നയിച്ചു. അതേസമയം ഗോ ഫസ്റ്റ് കമ്പനിയുടെ പേപ്പർ ഹർജി കമ്പനി നിയമ ട്രൈബ്യൂണൽ അംഗീകരിച്ചതോടെ സർവിസ് വൈകാതെ പുനരാരംഭിക്കുമെന്ന സൂചന അധികൃതർ നൽകിയിരുന്നു. എന്നാൽ വിമാനം റദ്ദാക്കിയ തീയതി ഈ മാസം 26 വരെ നീട്ടിയെന്ന് കമ്പനി അറിയിച്ചു. സർവിസ് എന്ന് പുനരാരംഭിക്കുമെന്നതിൽ ഇതുവരെ വ്യക്തത നൽകിയിട്ടില്ല.