സർവിസുകൾ റദ്ദാക്കി ഒരു മാസമായിട്ടും ഗോ ഫസ്റ്റ് വിമാനക്കമ്പനി ബുക്ക് ചെയ്ത ടിക്കറ്റ് തുക തിരിച്ചു നൽകാത്തതിൽ പരാതിയുമായി യാത്രക്കാർ. മേയ് ആദ്യവാരം സാങ്കേതിക തകരാർ മൂലം ഗോ ഫസ്റ്റിന്റെ നിരവധി സർവിസുകൾ റദ്ദാക്കിയിരുന്നു. ആ സമയങ്ങളിൽ ബുക്ക് ചെയ്തിരുന്ന ടിക്കറ്റുകൾ അടുത്ത തീയതിയിലേക്ക് മാറ്റി നൽകാൻ വിമാനക്കമ്പനി അനുവദിച്ചു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ഒരു സർവിസ് പോലും നടത്താൻ ഗോ ഫസ്റ്റ് നടത്തിയില്ല. ഈ സാഹചര്യത്തിൽ ചില ട്രാവൽ ഏജൻസികൾ ഗോ ഫസ്റ്റിന്റെ ടിക്കറ്റ് തുകയേക്കാൾ അധിക തുക വാങ്ങി മറ്റു വിമാനങ്ങളിൽ യാത്രക്കാർക്ക് സീറ്റ് തരപ്പെടുത്തി കൊടുത്തിരുന്നു.
അതേസമയം അങ്ങനെ ചെയ്ത ട്രാവൽ ഏജൻസികളും ഇപ്പോൾ വെട്ടിലായി. വിമാന സർവിസ് നടത്താതിരുന്നപ്പോൾ ടിക്കറ്റ് തുക ഗോ ഫസ്റ്റ് കമ്പനി തിരികെ നൽകുമെന്നുള്ള വിശ്വാസത്തിലായിരുന്നു ട്രാവൽ ഏജൻസികൾ ഇങ്ങനെ ചെയ്തത്. എന്നാൽ ട്രാവൽ ഏജൻസികൾ യാത്രക്കാരുമായി ബന്ധപ്പെട്ടപ്പോഴാണ് ടിക്കറ്റ് തുക ഗോ ഫസ്റ്റ് നൽകിയിട്ടില്ലെന്ന കാര്യം യാത്രക്കാർ അറിഞ്ഞത്.
റദ്ദാക്കിയ സർവിസിന്റെ ടിക്കറ്റ് തുക പോയന്റ് ഓഫ് സെയിൽസ് വഴി തിരിച്ച് നൽകും എന്നായിരുന്നു നേരത്തേ വിമാനക്കമ്പനി അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ തുക തിരികെ ലഭിക്കാതെ വന്നതോടെ സർവീസുകൾ റദ്ദാക്കുന്നതിന് മൂൻപ് ടിക്കറ്റെടുത്തവർക്ക് നിവിൽ വലിയ ബാധ്യതയാണുള്ളത്. കുടുംബവുമായി യാത്ര ചെയ്തവർ അന്നത്തെ ഗോ ഫസ്റ്റിന്റെ ടിക്കറ്റ് നിരക്കിൽ ഒരാൾക്ക് അമ്പത് റിയാൽ എന്നാ കണക്കിൽ ഇപ്പോൾ ട്രാവൽസ് ഏജന്റിന് തിരികെ നൽകേണ്ട സാഹചര്യമാണ് ഉള്ളത്. നാല് അംഗങ്ങളുള്ള കുടുംബങ്ങളാണെങ്കിൽ 200റിയാൽവരെ തിരികെ നൽകേണ്ടി വരും. ജൂലൈ ഏഴുവരെ എല്ലാ സർവിസുകളും ഗോ ഫസ്റ്റ് റദ്ദാക്കിയെന്നാണ് വെബ്സൈറ്റിൽ കാണിക്കുന്ന വിവരം.