മലയാളത്തിൻ്റെ പ്രിയ പാട്ടെഴുത്തുകാരൻ ഗിരീഷ് പുത്തഞ്ചേരി വിടപറഞ്ഞിട്ട് 13 വർഷം പൂർത്തിയാകുന്നു. ഓർമ്മകൾക്ക് വ്യാഴവട്ടകാലവും കഴിഞ്ഞ് ഒരാണ്ടിൻ്റെ കനം.
കറുപ്പ് വേഷം, അലസമായുള്ള നടത്തം, മുറുക്കി ചുവന്ന ചുണ്ട്, നീട്ടിയും കുറുക്കിയുമുള്ള സംസാരം, ഗിരീഷ് പുത്തഞ്ചേരി ഓരോ മലയാളി മനസ്സിലും അത്രകണ്ട് ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. മലയാളികൾ പാട്ടിലെ വരികൾ ഓർത്തുവെക്കുന്നതിനോടൊപ്പം എഴുത്തുകാരനെയും ഓർത്തിരിക്കുന്നത് അപൂർവ്വമാണ്. എന്നാൽ ഗിരീഷ് പുത്തഞ്ചേരിക്ക് മനസ്സിൽ ഒരിടം മലയാളികൾ ഒസ്യത്തായി പകുത്തു നൽകിയിട്ടുണ്ട്. നഷ്ടപ്രണയത്തെ, അഗാധമായ കാത്തിരിപ്പിനെ ഒരു മനുഷ്യന് ഇത്രമേൽ വൈകാരികതയോടെ ആവിഷ്കരിക്കാൻ കഴിയുന്നത് ഒരത്ഭുതമാണ്. പലപ്പോഴുമത് പാട്ടിൻ്റെ ജൈവിക തലങ്ങളോട് ചേർന്നു നിൽക്കുന്നതുമാകും. പത്മരാജൻ വൈകാരിക തലങ്ങളിൽ മഴയെ കൂട്ടുപിടിച്ച് ലയിപ്പിക്കുന്നതുപോലെയാണത്.
അക്ഷരങ്ങളെ കൂട്ടി തുന്നി അദ്ദേഹം വരികളാക്കുമ്പോൾ ഭാവ തലങ്ങൾ ചോർന്നുപോകാതെ തന്നെ അത് സംവേദനം സാധ്യമാക്കുന്നുണ്ട്. വീണ്ടും വീണ്ടുമത് കേൾവിക്കാരെ സൃഷ്ടിക്കുന്നു. അത്രകണ്ട് ഓരോ മലയാളി മനസ്സിലും അദ്ദേഹം വരച്ചു ചേർത്ത വരികൾ പതിഞ്ഞിട്ടുണ്ട്. ഓരോ പാട്ടിലും അത് കാണാം. അതിൽ പ്രിയതമയോടുള്ള പ്രണയ തീവ്രതയുണ്ട്, ഉള്ളിൻ്റെയുള്ളിൽ അക്ഷര പൂട്ടുകൾ ആദ്യം തുറന്നു തന്ന അച്ഛനോടുള്ള ഇഷ്ടമുണ്ട്, പിന്നെയും പിന്നെയും പടികടന്നെത്തുന്ന കാൽ താളങ്ങൾ ഉണ്ട്.
രണ്ടായിരത്തിലേറെ ഗാനങ്ങളാണ് ഗിരീഷ് പുത്തഞ്ചേരി നമുക്ക് സമ്മാനിച്ചത്. കോളേജ് കാലഘട്ടങ്ങളിൽ ലളിതഗാനരചനകൾ വഴിയാണ് അദ്ദേഹത്തിൻ്റെ തുടക്കം. 1989 ൽ പുറത്തിറങ്ങിയ ‘എൻക്വയറി’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ഗാനരംഗത്തേക്ക് ചുവടുറപ്പിച്ചു. പിന്നീട് അനവധി ഗാനങ്ങൾ. ഗൃഹാതുരത്വം, പ്രണയം, വിരഹം, കാത്തിരിപ്പ്… അദ്ദേഹത്തിൻ്റെ തൂലികതുമ്പ് പെറ്റിടാത്ത വൈകാരിക തലങ്ങൾ നന്നേ കുറവാണ്.
ഹരിമുരളീരവം, ഒരു മഴ പക്ഷി പാടുന്നു, കണ്ണുനട്ടു കാത്തിരുന്നിട്ടും, നിലാവേ മായുമോ, ആരോ വിരൽ മീട്ടി തുടങ്ങി എണ്ണംപറഞ്ഞ ഒട്ടേറെ ഗാനങ്ങൾ. പാട്ടെഴുത്തിൻ്റെ ഔന്നത്യത്തിൽ നിൽക്കുമ്പോൾ തന്നെയാണ് 2010ലെ ഫെബ്രുവരി 10ന് അദ്ദേഹം നമ്മെ വിട്ടു പിരിയുന്നത്. പിറക്കാനിരിക്കുന്ന എത്രയോ വരികളെ തച്ചുടച്ച് മരണം അദ്ദേഹത്തിൻ്റെ പേന താഴെ വച്ചു. എന്നിരുന്നാലും ഓരോ മലയാളിയും ഇന്നും ഏറ്റുപാടുന്നത് ഗിരീഷ് പുത്തഞ്ചേരി അടുക്കി നിർത്തിയ വരികളാണ്. കാതോർത്തിരുന്നാൽ അവയിൽ ഓരോന്നിലും അദ്ദേഹത്തിൻ്റെ ശ്വാസനിശ്വാസങ്ങൾ കേൾക്കാം. ഋതുക്കൾ മാറുമ്പോൾ ശിശിരവും ഹേമന്ദവും ഒടുവിൽ വസന്തവും വരുമ്പോൾ അദ്ദേഹം ബാക്കിവച്ചുപോയ വരികൾ വരണ്ടമണ്ണിൽ മഴതൊടുന്ന മണം പോലെ മലയാളികളെ അത്രമേൽ ഭ്രാന്തമായി പിടിച്ചു നിർത്തും.
“പാതിരാ വനമുല്ല ജാലകം വഴിയെൻ്റെ മോതിരവിരലിൻമേൽ ഉമ്മ വച്ചു. അഴിഞ്ഞു കിടന്നൊരു പുടവയെന്നോർത്തു ഞാൻ അല്ലി നിലാവിനെ മടിയിൽ വച്ചു…” തീഷ്ണമായ യൗവനത്തെ ഒരു രാത്രിയോട് ഇതിൽപരം എങ്ങനെയാണ്
ഒരു മനുഷ്യന് ഭംഗിയായി ഉപമിക്കാൻ കഴിയുക ?