യുക്രൈനിലെ പോരാട്ടം അവസാനിപ്പിക്കുന്നതിനും സമാധാന ഒത്തുതീർപ്പിനുമായി അടുത്തിടെ സൗദിയുടെ നേതൃത്വത്തിൽ നടന്ന ഉച്ചകോടിയെ ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് സ്വാഗതം ചെയ്യ്തു. കൂടുതൽ നയതന്ത്ര ശ്രമങ്ങൾക്ക് നടത്തണമെന്നും ജർമ്മൻ ചാൻസലർ ആഹ്വാനം ചെയ്തു.
ചൈന, ജർമ്മനി, ഇന്ത്യ, യുഎസ് എന്നിവയുൾപ്പെടെ 40 ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കഴിഞ്ഞ വാരാന്ത്യത്തിൽ ജിദ്ദയിൽ നടന്ന സംഗമത്തിൽ പങ്കെടുത്തു. ഇത്തരം ചർച്ചകൾ തുടരുന്നതിൽ അർത്ഥമുണ്ടെന്നും റഷ്യയുടെ മേൽ സമ്മർദ്ദം വർധിപ്പിക്കുന്നതിന് അവസരം ഒരുങ്ങുമെന്നും അദ്ദേഹം സൂചിപ്പിച്ചു. റഷ്യ സൈന്യത്തെ പിൻവലിക്കുകയും സമാധാനം സാധ്യമാക്കുകയും വേണമെന്നാണ് ജർമ്മനിയുടെ നിലപാടെന്നും അദ്ദേഹം സൂചിപ്പിച്ചു.
ജൂണിൽ കോപ്പൻഹേഗനിലും പിന്നീട് ഡെന്മാർക്കിലും സൗദി അറേബ്യയിലുമായി നടന്നവിദേശ നയ ഉപദേഷ്ടാക്കളുടെ സമാധനാ ചർച്ചകളുടെ പ്രാധാന്യത്തെ പറ്റിയും അദ്ദേഹം സൂചിപ്പിച്ചു. ഒരു വർഷത്തിൽ അധികമായി യുക്രൈനിലെ റഷ്യൻ അധിനിവേശം തുടരുകയാണ്.
യുക്രെയിനിന് അമേരിക്ക കഴിഞ്ഞാൽ ഏറ്റവും വലിയ സൈനിക സഹായം നൽകുന്ന രണ്ടാമത്തെ രാജ്യമാണ് ജർമ്മനിയെന്ന് ഷോൾസ് വ്യക്തമാക്കി. എന്നാൽ ഉക്രെയ്നിലേക്ക് ടോറസ് മിസൈലുകൾ അയയ്ക്കുന്ന വിഷയത്തിൽ ചാൻസലർ അവ്യക്തത പാലിച്ചു. ഇതിനിടെ യുക്രൈന് ലഭ്യമാകുന്ന പിന്തുണകൾക്ക് പ്രസിഡൻ്റ് വ്ളാഡിമർ സെലൻ്സ്കി നന്ദി അറിയിച്ചു.