ഖത്തറിൽ ട്രാഫിക് നിയമ ലംഘനം തടയുന്നതിനുള്ള നൂതന സംവിധാനമായ ഓട്ടോമേറ്റഡ് റഡാറുകൾ 27 മുതൽ പ്രവർത്തനമാരംഭിക്കും. ഡ്രൈവിങ്ങിനിടെ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, മൊബൈൽ ഫോൺ ഉപയോഗിക്കുക തുടങ്ങിയവ ഈ റഡാറുകൾ വഴി കണ്ടെത്തുകയും ഫൈൻ ഈടാക്കുകയും ചെയ്യും. ബോധവൽക്കരണത്തിന്റെ ഭാഗമായി 27 മുതൽ സെപ്റ്റംബർ 2 വരെ ലംഘകർക്ക് സന്ദേശമെത്തിയാലും പിഴ ഈടാക്കില്ല. എന്നാൽ സെപ്റ്റംബർ 3 മുതൽ പിഴ ഈടാക്കിത്തുടങ്ങുമെന്നും അധികൃതർ അറിയിച്ചു.
ഡ്രൈവിങ്ങിനിടെ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുന്നതിനും ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനും 500 റിയാൽ വീതമാണ് പിഴ ഈടാക്കുക. സീറ്റ് ബെൽറ്റിന്റെ അതേ നിറത്തിലുള്ള വസ്ത്രങ്ങളാണ് യാത്രക്കാർ ധരിച്ചിരിക്കുന്നതെങ്കിലും റഡാറിന് അത് കണ്ടെത്താൻ സാധിക്കും. തുടർന്ന് ചിത്രങ്ങൾ സഹിതം മെട്രാഷ് 2-വിൽ ലംഘനം റിപ്പോർട്ട് ചെയ്യപ്പെടുകയും പിഴ ഈടാക്കുകയും ചെയ്യും.