വിനോദ സഞ്ചാരികൾക്ക് ഒരു സന്തോഷവാർത്ത. ഇനി ഒരു വിസയിൽ ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാം. സിംഗിൾ ജിസിസി ടൂറിസ്റ്റ് വിസ ആരംഭിക്കുന്നതിനുള്ള സംവിധാനം ഈ വർഷം അവസാനത്തോടെ പ്രാദേശിക രാജ്യങ്ങൾ ഏർപ്പെടുത്തുമെന്ന് ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം അതോറിറ്റി ( ( SCTDA) ഖാലിദ് ജാസിം അൽ മിദ്ഫ ഇന്ന് തിങ്കളാഴ്‌ച ദുബായിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ പറഞ്ഞു. വിസ പ്രാബല്യത്തിൽ വരുന്നതോടെ യുഎഇ, സൗദി അറേബ്യ,കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങൾ ഒരു വിസയിൽ സന്ദർശിക്കാം.
‘2024 ന്റെ അവസാനത്തോടെ മുഴുവൻ സംവിധാനവും നിലവിൽ വരും. ഞങ്ങൾ അതിനുവേണ്ടി രാവും പകലും ജോലി ചെയ്യുന്നു. ഈ സംവിധാനം നിലവിൽ വന്നാൽ പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്ക് നല്ല ഫലം ഞങ്ങൾ കാണുന്നുവെന്ന് റീജിയണൽ ടൂറിസം മേധാവിയുടെ പാനൽ ചർച്ചയിൽ അൽ മിദ്ഹ പറഞ്ഞു.
സിംഗിൾ വിസ പ്രാബല്യത്തിൽ വന്നാൽ, ജിസിസി രാജ്യങ്ങളിലെ വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങളെ മറ്റ് രാജ്യങ്ങളിലേക്ക് കൂടുതൽ ആകർഷിക്കാൻ കഴിയും. അത് മാത്രമല്ല, ഹോട്ടൽ അതിഥികളുടെ എണ്ണം വർദ്ധിപ്പിക്കുകയും മേഖലയെ പ്രാദേശിക, അന്തർദേശീയ വിനോദസഞ്ചാരികളുടെ മുൻനിര കേന്ദ്രങ്ങളിലൊന്നായി മാറ്റുകയും ചെയ്യും. സിംഗിൾ വിസ നിലവിൽ വന്നാൽ പിന്നെ ഗൾഫിലേക്ക് വിനോദസഞ്ചാരികളുടെ കുത്തൊഴുക്കായിരിക്കും.