ഫുട്ബോള്‍ ആരാധകരെ കാത്ത് ആവേശത്തിലാണ് ഖത്തർ. ലോകകപ്പ് ടിക്കറ്റെടുത്ത ഹയാ കാര്‍ഡ് ഉടമകളെ സ്വാഗതം ചെയ്യാന്‍ ഖത്തറിൻ്റെ അയല്‍ രാജ്യങ്ങളും ഒരുങ്ങിക്കഴിഞ്ഞു. നിലവില്‍ യുഎഇ, സൗദി അറേബ്യ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളാണ് ഹയാ കാര്‍ഡ് ഉടമകള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്.
യുഎഇയിലേക്ക് ഹയാ കാര്‍ഡ് ഉടമകള്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ് അനുവദിച്ചിരിക്കുന്നത്. നവംബര്‍ 1 മുതല്‍ ഹയാ കാര്‍ഡ് ഉടമകള്‍ക്ക് വിസക്കായി അപേക്ഷ നല്‍കാം. ഒറ്റത്തവണ വിസയ്ക്ക് ഫീസ് 100 റിയാല്‍ ആണ്. 2,250 ഇന്ത്യന്‍ രൂപ വരും.
വിസ അനുവദിക്കുന്ന തീയതി മുതല്‍ 90 ദിവസം വരെ രാജ്യത്ത് താമസിക്കാം. നിശ്ചിത വ്യവസ്ഥകള്‍ പാലിച്ചാൽ അടുത്ത 90 ദിവസത്തേക്കു കൂടി വിസ പുതുക്കാം. വിസ അപേക്ഷിക്കാനുള്ള ലിങ്ക്: https://icp.gov.ae/en/
സൗദി അറേബ്യയിലേക്ക് ലോകകപ്പ് തുടങ്ങുന്നതിന് 10 ദിവസം മുന്‍പ് മുതല്‍ പ്രവേശിക്കാം. നവംബര്‍ 20നാണ് ലോകകപ്പ് . നവംബര്‍ 10 മുതല്‍ സൗദിയില്‍ പ്രവേശിക്കാം. സൗജന്യ ഇ-വീസയാണ് അനുവദിച്ചിരിക്കുന്നത്.60 ദിവസം വരെ സൗദിയില്താമസിക്കാം. ഹയാ കാര്‍ഡ് ഉടമകള്‍ക്ക് നവംബര്‍ 11 മുതല്‍ ഡിസംബര്‍ 18 വരെ ഉംറ നിര്‍വഹിക്കാനും അനുമതിയുണ്ട്.
സൗദിയിൽ പ്രവേശിക്കാൻ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. വിസ അപേക്ഷിക്കാനുള്ള ലിങ്ക് : https://visa.mofa.gov.sa/
ഒമാനിലേക്ക് സൗജന്യ മള്‍ട്ടിപ്പിള്‍ വിസയാണ് ലഭിക്കുക.വിസ ഓണ്‍ അറൈവല്‍ ആണ്. 60 ദിവസമാണ് വിസ കാലാവധി.
വിസ ഉടമകള്‍ക്ക് ഒമാനിലേക്ക് കുടുംബത്തെയും ഒപ്പം കൂട്ടാം.
ഒമാനില്‍ താമസിക്കുന്ന കാലയളവില്‍ വിസ കാറ്റഗറിയില്‍ മാറ്റം വരുത്താം. നിശ്ചിത വ്യവസ്ഥകള്‍ പാലിച്ചാൽ മതിയാകും.