പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ പരസ്യമായി വിമർശിച്ച് കെ ബി ഗണേഷ് കുമാർ എംഎൽഎ. തന്നെ പോലെ സീനിയറായ ജനപ്രതിനിധികളുടെ ആവശ്യങ്ങൾ മന്ത്രി പരിഗണിക്കുന്നില്ലെന്നായിരുന്നു വിമർശനം. പത്തനാപുരത്ത് ഈസ്റ്റ്- കോക്കുളത്ത് ഏല-പട്ടമല റോഡിൻറെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു പൊതുമരാമത്ത് മന്ത്രിയെ എംഎൽഎ പരസ്യമായി വിമർശിച്ചത്.
പത്തനാപുരം ബ്ലോക്കിൽ 100 മീറ്റർ റോഡ് പോലും ഈ വർഷം പി ഡബ്ല്യുഡി അനുവദിച്ചിട്ടില്ല. മുൻ മന്ത്രി ജി സുധാകരൻ സ്നേഹവും പരിഗണനയും നൽകിയിരുന്നു. റോഡ് ഉദ്ഘാടന ചടങ്ങിൽ ഫണ്ട് അനുവദിച്ച ജി സുധാകരന്റെ ചിത്രം വയ്ക്കാതിരുന്ന സംഘാടകരെ ഗണേഷ് വിമർശിക്കുകയും ചെയ്തു. ഇവരെക്കാളൊക്കെ മുൻപ് 20 വർഷം താൻ മന്ത്രിയായിരുന്നു. നിയമസഭയിൽ സീനിയോറിറ്റിയൊക്കെയുണ്ട്. ആ ഒരു മര്യാദ റോഡ് ആവശ്യങ്ങൾ പരിഗണിക്കുന്ന കാര്യത്തിൽ കാണിക്കണമെന്നും ഗണേഷ് കുമാർ പറഞ്ഞു.
മന്ത്രിയായിരിക്കെ ജി സുധാകരനാണ് പത്തനാപുരത്ത് ഈസ്റ്റ്- കോക്കുളത്ത് ഏല-പട്ടമല റോഡിന് പണം അനുവദിച്ചത്. അദ്ദേഹത്തിനുള്ള നന്ദി കൈയ്യടിച്ച് അറിയിക്കണം. പോസ്റ്റിൽ മന്ത്രി റിയാസിന്റെ പടം വച്ച സ്ഥാനത്ത് യഥാർത്ഥത്തിൽ ജി സുധാകരന്റെ പടമായിരുന്നു വെക്കേണ്ടിയിരുന്നതെന്നും ഗണേഷ് പറഞ്ഞു.